Site iconSite icon Janayugom Online

സിആർ‌പി‌എഫ് ഉദ്യോഗസ്ഥന് ശൗര്യചക്ര: അവാർഡ് പിൻവലിക്കണമെന്ന് കുക്കി സംഘടനകൾ

മണിപ്പൂരിലെ സേവനത്തിന് സിആർ‌പി‌എഫ് അസിസ്റ്റന്റ് കമാൻഡന്റ് വിപിൻ വിൽസണ് ശൗര്യചക്ര നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കുക്കി-സോ സംഘടനകൾ രംഗത്ത്. വ്യാജ ഏറ്റുമുട്ടലിലൂടെ സാധാരണക്കാരെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ ആദരിക്കുന്നത് നീതി നിഷേധമാണെന്നും പുരസ്കാരം അടിയന്തരമായി പിൻവലിക്കണമെന്നും വിവിധ ഗോത്ര സംഘടനകൾ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ജിരിബാം ജില്ലയിലുള്ള ബോറോബെക്ര സിആർ‌പി‌എഫ് പോസ്റ്റിന് നേരെ നടന്ന ആക്രമണം പരാജയപ്പെടുത്തിയതിനാണ് വിപിൻ വിൽസണെ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ പുരസ്കാരമായ ശൗര്യചക്രയ്ക്ക് തെരഞ്ഞെടുത്തത്. 10 തീവ്രവാദികളെ വധിച്ചുവെന്നാണ് സേനയുടെ ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ, കൊല്ലപ്പെട്ടവർ തീവ്രവാദികളല്ലെന്നും തങ്ങളുടെ ഗ്രാമങ്ങൾക്ക് കാവൽ നിന്ന സന്നദ്ധ പ്രവർത്തകരാണെന്നും കുക്കി സംഘടനകൾ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ടവർ തീവ്രവാദികളല്ലെന്നും ഗ്രാമങ്ങളെ സംരക്ഷിക്കാൻ സന്നദ്ധരായ സാധാരണ തൊഴിലാളികളാണെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) ആരോപിച്ചു. ഇത് ഏറ്റുമുട്ടലല്ല, മറിച്ച് ഏകപക്ഷീയമായ വധശിക്ഷയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെട്ടവർക്ക് പിന്നിൽ നിന്നാണ് വെടിയേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ വഞ്ചിക്കുന്നതാണ് ഈ പുരസ്കാരമെന്നും കുക്കി-സോ ജനതയോടുള്ള അവഹേളനമാണെന്നും ഹ്യൂമൻ റൈറ്റ്‌സ് ട്രസ്റ്റ് ആരോപിച്ചു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറാത്ത പക്ഷം പ്രതിഷേധം ശക്തമാക്കാനാണ് കുക്കി സംഘടനകളുടെ തീരുമാനം. സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
2023 മേയ് മാസത്തിൽ തുടങ്ങിയ മേയ്തി-കുക്കി വംശീയ സംഘർഷങ്ങൾ മണിപ്പൂരിൽ ഇപ്പോഴും തുടരുകയാണ്. സംഘർഷങ്ങളിൽ ഇതുവരെ 260-ഓളം പേർ കൊല്ലപ്പെടുകയും 59,000‑ത്തിലധികം ആളുകൾക്ക് വീട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൈനികർക്ക് നൽകുന്ന ഇത്തരം ബഹുമതികൾ ഇരു വിഭാഗങ്ങൾക്കിടയിലുള്ള വിടവ് വര്‍ധിപ്പിക്കുമെന്ന് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു. 

Exit mobile version