Site iconSite icon Janayugom Online

അമേരിക്കന്‍ പ്രസിഡന്റിന് പരോക്ഷ മുന്നറിയിപ്പ് : ചൈനയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും, ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഷിജിന്‍ പിങ്

അമേരിക്കന്‍ പ്രസിഡന്റിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങ്. ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷിജിൻ പിങ്. ബീജിങ്ങിലെ വിക്ടറിദിന പരേഡിൽ ചൈനീസ് പ്രസിഡൻറിനൊപ്പം വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും പങ്കെെടുത്തു. രാജ്യം കരുത്തോടെ മുന്നോട്ട് പോകുമെന്ന് പരേഡിൽ പങ്കെടുത്ത് ഷിജിൻപിങ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തൽ. പുടിൻ,കിം ജോങ് ഉൻ ഷിജിൻപിങ് കൂട്ടുകെട്ടിനെ വിമർശിച്ച ട്രംപിൻറെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന് പിന്നാലെയാണ് ഷിജിൻപിങ്ങിന്റെ പ്രസ്താവന.

വിദേശ അധിനിവേശത്തിൽനിന്ന് സ്വാതന്ത്യം നേടാൻ ചൈനയെ സഹായിച്ച അമേരിക്കയെ ചൈനീസ് പ്രസിഡന്റ് പരാമർശിക്കുമോ എന്ന ചോദ്യവും ട്രംപ് ഉന്നയിച്ചിരുന്നു. ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡൻറിൻറെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. വിക്ടറിദിന പരേഡിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡൻറ് ബ്ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനുമൊപ്പം ചൈനീസ് പ്രസിഡൻറ് വേദിയിലെത്തിയത് അമേരിക്ക ഉൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമായി മാറി. 

അത്യാധുനിക ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകളെ തകർക്കുന്ന ലേസർ ഉപകരണങ്ങൾ, ഭീമാകാരമായ അണ്ടർവാട്ടർ ഡ്രോണുകൾ തുടങ്ങിയ ചൈനയുടെ സൈനിക ശേഷി വിളിച്ചോതുന്ന യുദ്ധോപകരണങ്ങൾ പരേഡിൽ അണിനിരന്നു. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ചൈന നേടിയ വിജയത്തിന്റെ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വിക്ടറി പരേഡ്. 26 ലോകനേതാക്കൾ പരേഡിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version