ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് ബ്ലാദിമിന്‍ പുടിന്‍, എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഷി ജിൻപിങും പുതിനുമൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി മോഡി കൂട്ടുചേരുന്നത് ലജ്ജാകരമാണ്. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ല.
റഷ്യയ്ക്കൊപ്പമല്ല, അമേരിക്കയ്ക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. നവാരോ പറഞ്ഞു. നേരത്തെ, യുക്രൈൻ സംഘർഷത്തെ മോഡിയുടെ യുദ്ധം എന്നും ഇന്ത്യ നികുതികളുടെ മഹാരാജാവ് ആണെന്നതടക്കമുള്ള വിമർശനങ്ങൾ നവാരോ ഉന്നയിച്ചിരുന്നു.നരേന്ദ്ര മോഡി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായിരിക്കെ എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് ബ്ലാദിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത മനസ്സിലാക്കണം. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. അത് നിർത്തേണ്ടതുണ്ട്. നവാരോ പറഞ്ഞു.

