ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവുമായ ഷിബു സൊരേന്‍ (81) അന്തരിച്ചു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മകനും നിലവിലെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സൊരേനാണ് പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒന്നര മാസം മുമ്പ് ഹൃദയാഘാതവും സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഝാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് ഷിബു സൊരേൻ. സംസ്ഥാന രൂപീകരണത്തിനുശേഷം മൂന്ന് തവണ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. എട്ടുതവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ രാജ്യസഭാംഗമായും മൂന്നുതവണ കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ഷിബു സൊരേന്റെ മരണത്തില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. ആദിവാസി ക്ഷേമത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡിന്റെ രാഷ്ട്രീയ ഉന്നമനത്തിനും ആദിവാസി ക്ഷേമത്തിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ എല്ലാക്കാലത്തും സ്മരിക്കപ്പെടുമെന്നും സിപിഐ അനുസ്മരിച്ചു.

