Site icon Janayugom Online

ഷിന്‍ഡെ സര്‍ക്കാരിന്റെ കാലാവധി ആറുമാസം, അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂ: ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിലധികം നിലനില്‍ക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തയ്യാറായിക്കോളൂവെന്നും പവാര്‍ പറഞ്ഞു.ഞായറാഴ്ച എന്‍സിപി എംഎല്‍എമാരുടേയും പാര്‍ട്ടി നേതാക്കളുടേയും യോഗത്തിനിടെയായിരുന്നു പവാറിന്റെ പരാമര്‍ശം. മുംബൈയിലായിരുന്നു യോഗം നടന്നത്.മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായിക്കൊള്ളുക ശരദ് പവാര്‍ പറഞ്ഞു.

നിലവിലെ സംവിധാനത്തില്‍ ഷിന്‍ഡെയെ പിന്തുണച്ച വിമത എംഎല്‍എമാര്‍ അതൃപ്തരാണെന്നും അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അധികാരങ്ങള്‍ വീതിച്ച് നല്‍കുന്നതോടെ തീര്‍ച്ചയായും വിമതര്‍ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങും. വിമതര്‍ തിരിച്ച് ശിവസേനയിലേക്ക് മടങ്ങിവരുമെന്ന് വിശ്വാസമുണ്ട്, അദ്ദേഹം പറഞ്ഞു.2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍.

ശിവസേന‑ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് ശിവസേന കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ ചേരുന്നതും മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതും.2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പമായിരുന്ന ശിവസേന ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്മാറിയത്.ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദേവേന്ദ്ര ഫഡനാവിസാണ് ഉപമുഖ്യമന്ത്രി. ബിജെപി നേതാവായ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍

Eng­lish Sum­ma­ry: Shinde gov­t’s tenure is six months, get ready for next elec­tions: Sharad Pawar

You may also like this video:

Exit mobile version