Site iconSite icon Janayugom Online

തിളങ്ങി ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് 299 റണ്‍സ് വിജയ ലക്ഷ്യം

വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോറുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു. സ്മൃതി മന്ദാന, റിച്ച ഘോഷ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി.
മഴയെ തുടര്‍ന്ന് വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഷഫാലി വര്‍മ്മ നിര്‍ണായക പോരാട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി. തുടക്കത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരം ഉണ്ടായിരുന്നില്ല. പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് പകരക്കാരിയയാണ് ഷെഫാലി എത്തിയത്. സെമി ഫൈനലിലാണ് ആദ്യ മത്സരം കളിച്ചത്. താരത്തിനു അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. 78 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം ഷഫാലി 87 റണ്‍സുമായി മടങ്ങി.

ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്‌സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. താരം പുറത്താകാതെ നിന്നു. റിച്ച ഘോഷ് 24 പന്തില്‍ 2 സിക്‌സും മൂന്ന് ഫോറും സഹിതം 34 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300നു അടുത്തെത്തിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനോടി രാധ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശീല വീണു.
ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 58 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. സെമിയില്‍ സെഞ്ചുറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗ്‌സ് മൂന്നാം വിക്കറ്റായി പുറത്തായി. താരം 24 റണ്‍സെടുത്തു. നാലാം വിക്കറ്റായി മടങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. 20 റണ്‍സാണ് ഹര്‍മ്മന്‍ നേടിയത്. 

ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് സ്മൃതി- ഷഫാലി സഖ്യം നല്‍കിയത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍ 104ല്‍ നില്‍ക്കെയാണ് സ്മൃതിയുടെ മടക്കം.
ഇന്ത്യക്കായി ലോകകപ്പില്‍ കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോഡും സ്മൃതി സ്വന്തമാക്കി. 434 റൺസോടെ മുൻ ഇന്ത്യൻ താരം മിതാലി രാജിനെയാണ് സ്മൃതി പിന്തള്ളിയത്. 2017 ലോകകപ്പില്‍ മിതാലി രാജ് 409 റൺസ് സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേക മ്ലാബ, നദീന്‍ ഡി ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Exit mobile version