ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെട്സുയ യമഗമി എന്നയാളാണ് വെടിവച്ചത്. ആബെയുടെ കാര്യത്തിൽ താൻ അസംതൃപ്തനായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നും അക്രമി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ മുന്‍ ജപ്പാന്‍ നാവികസേനാംഗമാണെന്നാണ് വിവരം. ജപ്പാന്‍ പ്രാദേശിക സമയം 11 മണിയോടെയായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ച് ഏഴ് മണിക്കൂറിനു ശേഷമാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവം നടന്നയുടൻ ഭരണ കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പ്രചരണപരിപാടികള്‍ റദ്ദാക്കി ആശുപത്രിയിലെത്തിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിയേറ്റ് ആബെ വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ എന്‍എച്ച്കെ ടിവി പുറത്തുവിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.
രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2006 ല്‍ ഒരു വര്‍ഷത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും പ്രധാനമന്ത്രിയായിരുന്നു. മരണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയ സുഹൃത്ത് ഷിന്‍സോ ആബെയ്ക്കെതിരായ ആക്രമണത്തില്‍ വലിയ വിഷമം രേഖപ്പെടുത്തുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. 2021 ൽ ഇന്ത്യ ആബെക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.
English Summary: Shinzo Abe Assassination: Attacker Arrested
You may like this video also