കപ്പൽ പള്ളി സ്കൂൾ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് മുൻ അധ്യാപകൻ. അമ്പത് വർഷമായി പ്രവർത്തിക്കുന്ന എറവ് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് മുൻ അധ്യാപകൻ വർഗീസ് അച്ചിങ്ങാടന്റെ നീക്കം. പ്രതിചേർത്ത അഞ്ച് കക്ഷികളുടെ ഭാഗം കേൾക്കുന്നതിനായി ഹൈക്കോടതി നോട്ടീസയ്ക്കാൻ ഉത്തരവായി. എറവ് കപ്പൽ പള്ളിയുടെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാല് പതിറ്റാണ്ടിലധികം അധ്യാപകനായിരുന്നു എറവ് സ്വദേശി വർഗീസ് അച്ചിങ്ങാടന്‍. പള്ളി വികാരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പള്ളി പണിയുവാന്‍ തീരുമാനമെടുത്ത് ഇടവകയിൽ ആ വിവരം പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുന്നത്. 10 കോടിയിലധികം രൂപ ചെലവഴിച്ചാണ് പള്ളി പണിയാൻ ധാരണയായിരിക്കുന്നത്. പള്ളി പണിയുന്നതിനെക്കാൾ എതിർപ്പ് സ്കൂൾ പൊളിക്കുന്നതിനാണ്.
ആസൂത്രിതമായ നീക്കങ്ങളിലൂടെ രണ്ടു വർഷമായി സ്കൂളിൽ എൽകെജി, യുകെജി, പ്ലസ് വൺ ക്ലാസുകളിൽ വരെ വിദ്യാർത്ഥികളെ അഡ്മിഷൻ എടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് ആരോപിക്കുന്നു. ഇതിനെതിരെയാണ് സ്കൂളിനോട് അനുഭാവമുള്ള ഒരു വിഭാഗം രംഗത്തെത്തിയത്. വഴങ്ങാത്തവരെ ഒറ്റപ്പെടുത്തണമെന്ന രീതിയില്‍ പള്ളിയുടെ പാരിഷ് ബുള്ളറ്റിനിൽ കുറിപ്പുംവന്നു. വിദ്യാഭ്യാസ വകുപ്പിനും കപ്പൽ പള്ളി വികാരിക്കും സ്കൂൾ പ്രിൻസിപ്പളിനും നോട്ടിസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി.

