Site icon Janayugom Online

ഗൾഫിലേക്കുള്ള യാത്രാ കപ്പൽ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

ship

കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പൽ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. പദ്ധതി നടപ്പാക്കാൻ താല്പര്യമുള്ള കമ്പനികളിൽനിന്നു താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള കേരള മാരിടൈം ബോർഡിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് വിഭാഗത്തിൽപ്പെട്ട യാത്രാ കപ്പൽ, ഉല്ലാസക്കപ്പൽ പദ്ധതികൾക്കായാണ് താല്പര്യപത്രം ക്ഷണിച്ചത്. ഒന്നാമത്തേത് രണ്ടായിരത്തി അഞ്ഞൂറോ അതിനു മുകളിലോ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പൽ/ഉല്ലാസക്കപ്പലാണ്.

രണ്ടാമത് 2500നും 800നും ഇടയിൽ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പൽ/ഉല്ലാസക്കപ്പൽ. 800നു താഴെ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന യാത്രാകപ്പൽ/ഉല്ലാസക്കപ്പലാണ് മൂന്നാമത്തേത്. മാരിടൈം ബോർഡ് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ്. അതിനാൽ അധികം കാലതാമസവും തടസങ്ങളുമില്ലാതെ പദ്ധതി നടപ്പാക്കാൻ സാധിക്കും. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 22 ആണ്.

ആഡംബര കപ്പലുകളോ ബജറ്റ് കപ്പലുകളോ കമ്പനികൾക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. യാത്രാക്കപ്പലുകളിൽ ബജറ്റ് ടിക്കറ്റുകൾക്കൊപ്പം പ്രീമിയം ടിക്കറ്റുകളും വിൽക്കാമെന്ന് പരസ്യത്തിൽ പറയുന്നു. അനുമതി ലഭിക്കുന്ന യാത്രാ കപ്പലുകൾക്കും ഉല്ലാസക്കപ്പലുകൾക്കും കാർഗോ സംവിധാനം ഉണ്ടാകണം. കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖമായ കൊച്ചിയും ഒപ്പം ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളും പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന യാനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരസ്യത്തിൽ പറയുന്നത്.

വിവിധ ഗൾഫ് രാജ്യങ്ങളിലായി 30 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർ നാട്ടിലേക്കും തിരിച്ചും യാത്രക്കായി ആശ്രയിക്കുന്നത് എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാനക്കമ്പനികളെയാണ്. ഉത്സവകാലങ്ങളിലും സ്കൂൾ അവധി മാസങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയരാറുണ്ട്. ഒരാൾക്ക് പോയിവരാൻ ഒരു ലക്ഷം രൂപ വരെ ചില മാസങ്ങളിൽ വിമാന യാത്രാ നിരക്ക് ഉയരാറുണ്ട്.

Eng­lish Sum­ma­ry: ship project to the Gulf
You may also like this video

Exit mobile version