Site icon Janayugom Online

ശിവസേന ഷിന്‍ഡെയുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍: ഉദ്ധവിന് ചിഹ്നവും പേരും നഷ്ടം

ശിവസേനയിലെ തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്ന് വിലയിരുത്തിയാണ് ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചത്. ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെന്ന് ഉദ്ധവ് താക്കറേ പ്രതികരിച്ചു. ഏകനാഥ് ഷിന്‍ഡെ ഒരു മോഷ്ടാവാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. 

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാനായി ഏകനാഥ് ഷിൻഡെയെ കൂട്ടുപിടിച്ച് ബിജെപി ശിവസേനയെ പിളര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പേരിനും ചിഹ്നത്തിനുമായി തര്‍ക്കം തുടര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിക്കുകയായിരുന്നു.
അതേസമയം ശിവസേനയുടെ പിളര്‍പ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകള്‍ ഏഴംഗ ബെഞ്ചിന് കൈമാറണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാനുള്ള നിയമസഭാ സ്പീക്കറുടെ അധികാരം സംബന്ധിച്ച്‌ 2016ലെ നബാം റെബിയ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് ഈ കേസിന്റെ സാഹചര്യം കൂടി പരിഗണിച്ച്‌ 21ന് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Shiv Sena belongs to Shinde, says Elec­tion Com­mis­sion: Uddhav has lost his sym­bol and name

You may also like this video

Exit mobile version