Site iconSite icon Janayugom Online

ഗ്യാൻവാപി മസ്ജിദ് മേഖലയിൽ ശിവലിംഗം; സ്ഥലം സീൽ ചെയ്ത് ജില്ലാ ഭരണകൂടം

വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് മേഖലയിൽ ശിവലിംഗം കണ്ടെത്തിയതായി അവകാശവാദം. ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വാരണാസി സിവിൽ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നടപടി.

മസ്ജിദിലെ അവസാന ദിവസത്തെ സർവേ നടപടിക്ക് ശേഷമാണ് പരിസരത്തെ കിണറ്റിൽ ശിവലിംഗം കണ്ടെത്തിയതായി ഹർജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടത്. പിന്നാലെ മേഖല സീൽ ചെയ്യാൻ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു. സർവേ നടപടികൾ പൂർത്തിയായെന്നും, റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുമെന്നും കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണർമാർ പറഞ്ഞു.

മേഖലയിൽ വൻ സുരക്ഷാസന്നാഹം തുടരുകയാണ്. അതേസമയം, സർവേ നടപടി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Eng­lish summary;Shiva lingam in Gyan­wapi Masjid area; The place is sealed by the dis­trict administration

You may also like this video;

Exit mobile version