മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ കേസെടുത്തു.
ശില്പി ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനും എതിരെയാണ് വധശ്രമത്തിനും മനഃപൂർവമല്ലാത്ത നരഹത്യക്കും പൊലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പിന്റെ പരാതിയില്‍ മാൽവൻ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ നാവികസേനയും അന്വേഷണം തുടങ്ങി.
രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ പൂർണമായും നിലംപൊത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്ത പ്രതിമയാണ് കഴിഞ്ഞദിവസം തകർന്നുവീണത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തകർന്ന സംഭവം മഹാരാഷ്ട്രയില്‍ വന്‍ വിവാദമായി മാറിയിയിരുന്നു. ശിവസേന ഉദ്ധവ് വിഭാഗം ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ രംഗത്തെത്തി. പ്രതിമയുടെ നിർമ്മാണത്തിനായി 2.4 കോടി രൂപ നാവികസേനയ്ക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രതിമ നിര്‍മ്മാണം. കുറ്റം തെളിഞ്ഞാൽ ഇരുവര്‍ക്കും 10 വർഷം വരെ തടവ് ലഭിക്കും.