ശിവപ്രിയയുടെ മരണം ബാക്ടീരിയൽ അണുബാധ മൂലം തന്നെയെന്നുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പ്രസവത്തിന് ശേഷമുണ്ടായ അണുബാധയാണ് ശിവപ്രിയയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി പറയുന്നു. ശിവപ്രിയയുടെ മരണ കാരണമായത് സ്റ്റഫൈലോകോക്കസ് അണുബാധയാണ്.
അതേ സമയം, എവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്ന് ഉറപ്പിക്കാനാവില്ല. അന്വേഷണ റിപ്പോർട്ട് ഡിഎംഇക്ക് കൈമാറി. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ശിവപ്രിയയുടെ അനിയൻ ശിവപ്രസാദ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് അല്ലാതെ അണുബാധ ഉണ്ടാകാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും ശിവപ്രസാദ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. എസ്എടി ആശുപത്രിയിൽ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്നാണ് ബന്ധുക്കളുടെ പരാതി.

