Site iconSite icon Janayugom Online

വമ്പന്മാര്‍ക്ക് ഷോക്ക്;അവസരം നഷ്ടമാക്കി സിറ്റി, തലപ്പത്ത് ആഴ്സണല്‍ തുടരും

വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ഗോള്‍രഹിത സമനിലക്കുരുക്ക്. സ­ണ്ടര്‍ലാന്‍ഡാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരമാണ് സിറ്റി നഷ്ടമാക്കിയത്. മത്സരത്തില്‍ പന്തടക്കത്തില്‍ സിറ്റിയാണ് മുന്നിട്ടുനിന്നതെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. സീസണില്‍ മികച്ച പ്രകടനമാണ് സണ്ടര്‍ലാന്റ് കാഴ്ചവയ്ക്കുന്നത്. 19 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി സിറ്റി രണ്ടാമതാണ്. 29 പോയിന്റുമായി ഏഴാമതാണ് സണ്ടര്‍ലാന്റ്.

ലിവര്‍പൂളിനെ ലീഡ്സ് യുണൈറ്റഡാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തില്‍ പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് കൂടുതല്‍ തവണ പന്തെത്തിച്ചതും ലിവര്‍പൂളായിരുന്നെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ലീഗില്‍ 33 പോയിന്റുമായി നാലാമതാണ് ലിവര്‍പൂള്‍. 21 പോയിന്റുള്ള ലീഡ്സ് 16-ാമതാണ്.
ബ്രെന്റ്ഫോര്‍ഡ്-ടോട്ടന്‍ഹാം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ആക്രമണവും പ്രതിരോധവുമായി ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. ലീഗില്‍ 27 പോയിന്റുമായി ബ്രെ­ന്റ്ഫോര്‍ഡ് ഒമ്പതാമതും 26 പോയിന്റുമായി ടോട്ടന്‍ഹാം 12-ാമതുമാണ്. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ക്രിസ്റ്റല്‍ പാലസിനായി ജീന്‍ ഫിലിപ്പ് മറ്റേറ്റയും ഫുള്‍ഹാമിനായി ടോം കൈര്‍ണെയും ഗോള്‍ നേടി. 27 പോയിന്റുമായി ക്രിസ്റ്റല്‍ പാലസ് 10-ാമതും ഫുള്‍ഹാം 11-ാമതുമാണ്. 

Exit mobile version