Site iconSite icon Janayugom Online

ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു

ചൈനയിൽ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്. എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് ഇത്. പടിഞ്ഞാറൻ ചൈനയുടെ ദുർഘടമായ ഭൂപ്രദേശങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്താനും, ടിബറ്റനിലേക്കുള്ള പ്രവേശനം വികസിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാലം നിർമ്മിച്ചത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ മണ്ണിടിച്ചിലും നിർമ്മാണത്തിലെ അപാകതയുമാണ് പാലം തകരാനുള്ള കാരണമെന്ന് അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version