Site iconSite icon Janayugom Online

പെൻസിൽവാനിയയിൽ ഹോംകമിങ് ആഘോഷത്തിനിടെ വെടിവെപ്പ്; ഒരു മരണം, 6 പേർക്ക് ഗുരുതരപരിക്ക്

അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ലിങ്കൺ സർവകലാശാല കാമ്പസിൽ ഹോംകമിങ് ആഘോഷങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 9 മണിയോടെ ഫുട്‌ബോൾ മൈതാനത്തിന് സമീപമാണ് സംഭവം നടന്നത്. വെടിയേറ്റ ഏഴ് പേരെ തിരിച്ചറിഞ്ഞതായി ജില്ലാ അറ്റോർണി ക്രിസ്റ്റഫർ ഡി ബാരെന‑സറോബ് ആദ്യം ‘എക്‌സി‘ൽ പോസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, വെടിയുതിർത്ത ഒരാളെ തോക്കടക്കം കസ്റ്റഡിയിലെടുത്തതായി അദ്ദേഹം അറിയിച്ചു. വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാമ്പസിന് ചുറ്റുമുള്ള റോഡുകൾ നിലവിൽ അടച്ചിട്ടുണ്ട്. 

ലിങ്കൺ സർവകലാശാലാ പ്രസിഡൻ്റ് അലനും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ എക്‌സിൽ കുറിച്ചു. വെടിവെപ്പിനെത്തുടർന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പിന്തുണ നൽകാനായി ഞായറാഴ്ച രാവിലെ 10 മണി മുതൽ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് സർവകലാശാല ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.

Exit mobile version