Site iconSite icon Janayugom Online

സേനകളില്‍ നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം; ടൂര്‍ ഓഫ് ഡ്യൂട്ടി

രാജ്യത്തെ കര‑നാവിക‑വ്യോമ സേനകളില്‍ നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നടത്തുന്ന ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ പദ്ധതി ഈ മാസാവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിന് ചെറുപ്പത്തിന്റെ മുഖംനല്‍കുക, ശമ്പള‑പെന്‍ഷന്‍ ഇനങ്ങളിലെ ചെലവുകുറച്ച് ആ തുക സേനകളുടെ നവീകരണത്തിന് ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

പരിമിതമായ തോതില്‍ ഓഫീസര്‍മാരെയും ജവാന്മാരെയും മൂന്നുവര്‍ഷത്തേക്ക് നിയമിക്കാന്‍ രണ്ടുവര്‍ഷം മുമ്പുതന്നെ ആലോചിച്ചിരുന്നു. എന്നാലിപ്പോള്‍ ജവാന്മാരെമാത്രം നിയമിക്കാനുള്ള പദ്ധതിയാണ് അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലുള്ളത്. നാലുവര്‍ഷത്തിനുശേഷം ഇവരെ ഒഴിവാക്കുമെങ്കിലും മികവുകാട്ടുന്നവര്‍ക്ക് സ്ഥിരനിയമനം ലഭിക്കാം. അത് നിശ്ചിതശതമാനമായി നിജപ്പെടുത്തിയിട്ടില്ല. അടുത്ത നാലുവര്‍ഷത്തേക്ക് സ്ഥിരനിയമനം സൈന്യത്തിലുണ്ടാവില്ലെന്ന് പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് കാരണം രണ്ടുവര്‍ഷമായി റിക്രൂട്ട്‌മെന്റ് റാലികളും നടക്കുന്നില്ല.

കരസേനയിലെ ഒരു ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം നിലവില്‍ 35–36 ആണ്. ഇത് നാലഞ്ചുവര്‍ഷത്തിനുള്ളില്‍ 25–26 വയസ്സായി കുറയ്ക്കും. ശരാശരി 60,000 പേരാണ് നോണ്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായും ജവാന്മാരായും കരസേനയില്‍നിന്ന് വര്‍ഷംതോറും വിരമിക്കുന്നത്. 35–37 വയസ്സില്‍ വിരമിക്കുന്ന ഇവര്‍ക്ക് ദീര്‍ഘകാലം പെന്‍ഷന്‍ നല്‍കുന്ന രീതിയാണിപ്പോഴുള്ളത്. ഈ പെന്‍ഷന്‍ഭാരം ഓഫീസര്‍മാരുടേതിനെക്കാള്‍ വളരെയധികമാണ്. സര്‍ക്കാര്‍ ഈയിടെ പാര്‍ലമെന്റില്‍ നല്‍കിയ കണക്കുപ്രകാരം 11.36 ലക്ഷത്തോളം സൈനികരാണ് കരസേനയിലുള്ളത്.

Eng­lish sum­ma­ry; Short-term enlist­ment in the Armed Forces for four years; Tour of Duty

You may also like this video;

Exit mobile version