Site iconSite icon Janayugom Online

ജീവൻരക്ഷാ മരുന്നിന് ക്ഷാമം: തലാസീമിയ രോഗികൾ ദുരിതത്തിൽ

ജീവൻരക്ഷാ മരുന്നായ ഡസ്ഫറാൽ കിട്ടാനില്ലാത്തതിനാല്‍ സംസ്ഥാനത്തെ തലാസീമിയ രോഗികൾ ദുരിതത്തിൽ. തലാസീമിയ രോഗബാധിതര്‍ക്ക് കുത്തിവെയ്ക്കേണ്ട മരുന്ന് കഴിഞ്ഞ രണ്ടുമാസമായി രാജ്യത്ത് ഒരിടത്തും കിട്ടുന്നില്ലെന്നാണ് പരാതി. രക്തജന്യ രോഗമായ തലാസീമിയ ശരീരത്തിനാവശ്യമായ ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കാനുള്ള കഴിവിനെയാണ് ബാധിക്കുന്നത്. രോഗബാധിതർക്ക് രക്തത്തിൽ ചുവപ്പ് രക്താണുക്കളുടെ എണ്ണവും ഹീമോഗ്ലോബിനും കുറവായിരിക്കും. തുടർച്ചയായി രക്തം നൽകുന്നത് കാരണം തലാസീമിയ രോഗികളുടെ ഹൃദയത്തിലും കരളിലും മറ്റ് ആന്തരികാവയവങ്ങളിലും അപകടകരമായി അടിഞ്ഞുകൂടുന്ന ഇരുമ്പിന്റെ അംശം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ മരുന്ന് കുത്തിവയ്ക്കുന്നത്. 

മരുന്ന് ദീർഘകാലം മുടങ്ങുന്ന സ്ഥിതിയുണ്ടായാൽ രോഗിക്ക് ഹൃദയാഘാതം സംഭവിക്കാനും ചിലപ്പോൾ മരണം തന്നെ സംഭവിക്കാനും ഇടയാക്കും. മരുന്ന് ലഭിക്കാത്തത് കാരണം കരളിലെയും ഹൃദയത്തിലെയും ഇരുമ്പിന്റെ ആധിക്യം വർധിച്ച് അവശരായാണ് പല രോഗികളും കഴിയുന്നത്. ശരീരത്തിലെ അധികമുള്ള ഇരുമ്പിന്റെ അംശം നീക്കം ചെയ്യാൻ മറ്റ് ഗുളികകൾ സർക്കാർ ആശാധാര പദ്ധതി പ്രകാരം സൗജന്യമായി നൽകിവരുന്നുണ്ട്. എന്നാൽ ഹൃദയത്തിലെയും കരളിലെയും ഇരുമ്പിന്റെ അംശം പുറത്ത് കളയാൻ ഇവയൊന്നും പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ ഡസ്ഫറാൽ ഇഞ്ചക്ഷൻ മുടങ്ങുന്ന സ്ഥിതി രോഗികളുടെ ജീവന് തന്നെ അപകട ഭീഷണിയുയർത്തിയിരിക്കുകയാണെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ വ്യക്തമാക്കി. 

നൊവാർട്ടിസ് എന്ന സ്വിസ്സ് കമ്പനിയാണ് മരുന്ന് ഉല്പാദിപ്പിക്കുന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ മാസങ്ങളായി ഇത് രാജ്യത്ത് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മരുന്ന് ഉടൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് രോഗികളും രക്ഷിതാക്കളും. മരുന്ന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. 

Eng­lish Summary:Shortage of life-sav­ing drug: Tha­lassemia patients in distress

You may also like this video

Exit mobile version