പുന്നമടയിൽ വീണ്ടും വിജയഗാഥ രചിക്കുവാൻ ‘ഷോട്ട് പുളിക്കത്ര ’ നീരണിഞ്ഞു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ അധ്യക്ഷയിൽ നടന്ന ചടങ്ങിലാണ് നീരണിഞ്ഞത്. വഞ്ചിപ്പാട്ടിന്റേയും ആർപ്പുവിളിയുടെയും മുഖരിതമായ അന്തരീക്ഷത്തിൽ ക്യാപ്റ്റൻ ആദം പുളിക്കത്ര, ഷോട്ട് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ചുമ്മാർ പുളിക്കത്ര, മാനേജർ റെജി വർഗ്ഗീസ് മാലിപ്പുറത്ത് എന്നിവരിൽ നിന്നും പങ്കായങ്ങളും ഒന്നാം തുഴയും കൈനകരി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡന്റ് കണ്ണൻ കെ സി, സെക്രട്ടറി വിഷ്ണു ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ജിതിൻ ഷാജി എന്നിവർ ഏറ്റുവാങ്ങി.
സെലക്ഷൻ ട്രയൽ ഞായറാഴ്ച രാവിലെ 10.30 ന് ചാവറ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 11 വയസുകാരനായ ആദം പുളിക്കത്ര തുടർച്ചയായി അഞ്ചാം തവണയാണ് ക്യാപ്റ്റനായി ഷോട്ട് പുളിക്കത്രയിൽ എത്തുന്നത്. എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും 1926‑ൽ ആണ് ആദ്യ വള്ളം നീരണിഞ്ഞത്. 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ’ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേകാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി. പ്രവാസിയും ബിസിനസുകാരനുമായ ജോർജ് ചുമ്മാർ മാലിയിൽ — രഞ്ചന ജോർജ് ദമ്പതികളുടെ മകനാണ് ആദം. ജോർജ്ജീന ജോർജ്ജ് ആണ് സഹോദരി.
English Summary: ‘Shot Pulikatra’ has decided to write a success story in Punnamada