Site iconSite icon Janayugom Online

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിന് പിന്നാലെ താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. താരം ആശുപത്രി വിട്ടതായി ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധർക്കൊപ്പം ബിസിസിഐയുടെ മെഡിക്കൽ സംഘവും നിലവിലെ അവസ്ഥയിൽ തൃപ്തരാണ്-ബിസിസിഐ വ്യക്തമാക്കി. 

ഇന്ത്യ‑ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഓസീസ് താരം അലക്സ് ക്യാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും മനസിലാകുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അതേസമയം അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ താരത്തിന് കളിക്കാനാകുമോയെന്ന് വ്യക്തമല്ല. 

Exit mobile version