Site icon Janayugom Online

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടുത്തമാസംമുതല്‍ തുറന്നുകൊടുക്കും

shrines

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടുത്തമാസം മുതല്‍ തുറന്നുകൊടുക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ ഏഴ് മുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ദൗത്യസേനയുമായി നടത്തിയ ചര്‍ച്ചയിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്.

നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനങ്ങള്‍ മുതല്‍ ആരാധനാലയങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാനാണ് തീരുമാനം. കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
കോവിഡ് കേസുകളില്‍ കുറവ് വരുന്നതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനമായത്.

 


ഇതുകൂടി വായിക്കൂ: സ്കൂൾ തുറക്കൽ: വിശദമായ മാർഗരേഖ തയ്യാറാക്കും


അതേസമയം മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് മുതല്‍ 12 വരെ ക്ലാസുകള്‍ ഗ്രാമങ്ങളിലും, എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ നഗരങ്ങളിലും ആരംഭിക്കും.ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമെന്ന് മുംബൈ മേയറുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സംസ്ഥാനത്താകെ സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സ്‌കൂളുകള്‍ തുറക്കുമെങ്കിലും ക്ലാസിലെത്തി പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. സ്‌കൂളിലേക്ക് പോകാന്‍ വിദ്യാര്‍ഥിക്ക് രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്.
തങ്ങള്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനത്തിലധികം രക്ഷിതാക്കള്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂലമായാണ് പ്രതികരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു.കോവിഡ് രോഗികള്‍ കുറവുള്ള, കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ച സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

Eng­lish Sum­ma­ry: Shrines in Maha­rash­tra will be reopened from next month

You may like this video also

Exit mobile version