Site iconSite icon Janayugom Online

ശുഭാംശു ഇന്ന് ബഹിരാകാശത്തേക്ക്

ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ബഹിരാകാശ ദൗത്യമായ ആക്സിയം 4ന്റെ വിക്ഷേപണം ഇന്ന്. ഇന്നലെ നടക്കേണ്ടിയിരുന്ന ദൗത്യം മോശം കാലാവസ്ഥ കാരണം ഇന്ന് വൈകിട്ട് 5.30ലേക്ക് മാറ്റുകയായിരുന്നു. ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് സ്‌പെയ്‌സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നാസയും ഐഎസ്ആര്‍ഒയുമായും സഹകരിച്ചാണ് ദൗത്യം. പെഗ്ഗി വിറ്റ്സണ്‍, ടിഗോര്‍ കപു, സ്ലാവോസ് ഉസ്നാന്‍സ്കി-വിസ്നിവ്സ്കി എന്നിവരാണ് മറ്റ് യാത്രികര്‍. ശുഭാംശു ശുക്ല മിഷന്‍ പൈലറ്റായാണ് പ്രവര്‍ത്തിക്കുക.

ഐഎസ്എസില്‍ 14 ദിവസത്തോളം സംഘം തങ്ങും. വിവിധ ഗവേഷണങ്ങള്‍, വിദ്യാഭ്യാസ ദൗത്യം, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ ദൗത്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1984ല്‍ യാത്ര നടത്തിയ രാകേഷ് ശര്‍മ്മയാണ് ആദ്യ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍. ഈ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് ചെലവഴിച്ചു. ഇതിന് ശേഷം ഇന്ത്യന്‍ വംശജരായ കല്പന ചൗള, സുനിത വില്യംസ് എന്നിവര്‍ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവരായിരുന്നില്ല. 

Exit mobile version