എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കൈപ്പത്തിയിൽ കുറിപ്പെഴുതി വച്ച് ഡോക്ടർ ജീവനൊടുക്കി. അഞ്ച് മാസത്തിനിടയിൽ നാല് തവണ എസ്ഐ ഗോപാൽ ബദ്‌നെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ ഡോക്ടർ കുറിപ്പിൽ വ്യക്തമാക്കി. ജീവനൊടുക്കുന്നതിന് മുൻപ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു. ഇടതു കൈപ്പത്തിയിലാണ് വനിതാ ഡോക്ടർ കുറിപ്പെഴുതിയത്. എസ്‌ഐ ഗോപാൽ ബദ്‌നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, നിരന്തമായ പീഡനമാണ് തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ആരോപണവിധേയനായ ഗോപാൽ ബദ്‌നെയെ സസ്പെൻഡ് ചെയ്തു.
ഫാൽട്ടാൻ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടർ ജൂൺ 19ന് ഫാൽട്ടാനിലെ സബ്-ഡിവിഷണൽ ഓഫീസിലെ ഡിഎസ്‌പിക്ക് അയച്ച കത്തിലും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ മൂന്ന് പൊലീസുകാരുടെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നുവന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അവർക്കെതിരെ നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എസ്ഐ ഗോപാൽ ബദ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റൻഡ് പൊലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരാണ് പരാമർശിച്ചിരുന്നത്.

