Site iconSite icon Janayugom Online

വേദനയെ തോല്പിച്ച് സിയ നേടിയത് എ ഗ്രേഡ്

ശരീരത്തെ വേദന കാർന്നുതിന്നുമ്പോഴും സ്വപ്നങ്ങൾ കൈവിടാൻ തയ്യാറല്ലാതിരുന്ന സിയ ഫാത്തിമയുടെ സ്വപ്നങ്ങൾക്ക് കരുതലും കാവലുമായി സർക്കാര്‍ ഒപ്പം നിന്നപ്പോൾ കലോത്സവത്തിൽ പിറന്നത് പുതുചരിത്രം. മത്സരഫലം വന്നപ്പോൾ സിയയുടെ എ ഗ്രേഡിന് പത്തരമാറ്റിന്റെ തിളക്കം. ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിതയാണ് കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവി എച്ച്എസ്എസിലെ വിദ്യാർത്ഥിനി സിയ ഫാത്തിമ. 

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്താൻ കഴിയാതെ വിഷമിച്ചിരുന്ന സിയ വീഡിയോ കോൺഫറൻസ് വഴിയാണ് ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ മത്സരിച്ചത്. ഇന്നലെ രാവിലെ 11ന് വേദി 17 സിഎംഎസ്എച്ച്എസ്എസിലാണ് അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരം നടന്നത്. അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണയം നടത്തുകയുമായിരുന്നു. വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സിയയ്ക്ക് അവസരമൊരുക്കിയ മന്ത്രി വി ശിവൻകുട്ടിയും മന്ത്രി കെ രാജനും മത്സരം ഓൺലൈനിൽ കണ്ടു. മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്ന് സിയ ഫാത്തിമ പ്രതികരിച്ചു. 

Exit mobile version