Site iconSite icon Janayugom Online

വീണ്ടും സിയാലിന്റെ വിജയഗാഥ; പുതിയ എയ്റോ ലോഞ്ചിലെത്തിയത് 25,000 അതിഥികള്‍

പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനിടെ 25,000 ത്തിലധികം അതിഥികൾക്ക് സേവനം നൽകി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച്. 12,000 റൂം ബുക്കിങ്ങുകളും നടന്നു. യാത്രക്കാരും സന്ദർശകരും ഒരു പോലെ ലോഞ്ച് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
6,12,24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിങ് സംവിധാനമുള്ളതിനാൽ, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്കും പ്രവാസികൾക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്.
50, 000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോഞ്ചിൽ 37 മുറികളും നാല് സ്യൂട്ടുകളും ഉൾപ്പെടുന്നു. കൂടാതെ മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ-വർക്കിങ് സ്പെയ്സുകൾ, ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്.
കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിങ്ങുകൾക്കായും മറ്റും കോർപറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിങ്ങിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിങ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.
സിയാലിന്റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ഒക്ടോബറിലാണ് പ്രവർത്തനമാരംഭിച്ചത്. 

Exit mobile version