Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസില്‍ കാറിടിച്ച് സഹോദരങ്ങളായ കുട്ടികള്‍ മ രിച്ചു

അമ്മയും മക്കളും സഞ്ചരിക്കുകയായിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ടു കുട്ടികള്‍ മരിച്ചു. പടന്നക്കാട് തീര്‍ഥങ്കരയിലെ കല്ലായി ലത്തീഫിന്റെ മക്കളായ സൈനുല്‍ റുമാന്‍ (ഒമ്പത്), ലഹക് സൈനബ് (12) എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ സുഹ്‌റാബി (40), മക്കളായ ഫായിസ് അബൂബക്കര്‍ (20), ഷെറിന്‍ (15), മിസ്ഹബ് (മൂന്ന്) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കാറോടിച്ച മൂത്തമകന്‍ ഫായിസ് അബൂബക്കറിന്റെ നില അതീവഗുരുതരമാണ്. പരിക്കേറ്റ ബസ് യാത്രക്കാരായ സൂര്യ, അനില്‍, ഹരിദാസ് എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയ്ക്കു 12ഓടെ കാഞ്ഞങ്ങാട്-നീലേശ്വരം ദേശീയപാതയിലെ ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം. ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടച്ചതിനെതുടര്‍ന്ന് മേല്‍പറമ്പിലെ അമ്മവീട്ടിലായിരുന്നു സുഹറാബിയും മക്കളും. ഇന്നു സ്‌കൂള്‍ സ്‌കൂള്‍ തുറക്കുന്നതിനാല്‍ തീര്‍ഥങ്കരയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. കൂടാതെ നീലേശ്വരം മന്ദംപുറത്ത് ഒരു കല്യാണചടങ്ങിലും ഇവര്‍ക്ക് പങ്കെടുക്കാനുണ്ടായിരുന്നു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ കാര്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതായാണ് സൂചന. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. റുമാനും സൈനബും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. പിതാവ് ലത്തീഫ് ജപ്പാനിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. റുമാന്‍ നീലേശ്വരം ജിഎല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയും സൈനബ് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമാണ്. അപകടത്തെതുടര്‍ന്ന് ഇരു സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കബറടക്കം ഇന്നു രാവിലെ 10നു സിയാറത്തിങ്കര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

Exit mobile version