Site iconSite icon Janayugom Online

അരിവാള്‍കോശ രോഗം; ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്നാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സിക്കിള്‍സെല്‍ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, സഹായ പദ്ധതികള്‍ എന്നിവയില്‍ അവബോധം നല്‍കും. രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഗോത്രഭാഷയില്‍ ഉള്‍പ്പെടെ പ്രത്യേക സന്ദേശങ്ങളും തയ്യാറാക്കും. കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ഗോത്രവര്‍ഗ വിഭാഗത്തിലെ സിക്കിള്‍സെല്‍ രോഗികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്രീനിങ് നടത്തിവരുന്നു. 2007 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സിക്കിള്‍സെല്‍ സമഗ്ര ചികിത്സാ പദ്ധതിക്ക് തുടക്കമിട്ടു. വയനാട്, അട്ടപ്പാടി മേഖലയിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ ഇതിനായി സ്‌ക്രീനിങ് ടെസ്റ്റുകളും തുടര്‍ ചികിത്സകളും നടത്തിവരുന്നു. 2023 ലാണ് പദ്ധതി സമഗ്രമായി നടപ്പിലാക്കിയത്. ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 17 സംസ്ഥാനങ്ങളിലായി രോഗബാധ കൂടുതലായുള്ള പ്രദേശങ്ങളില്‍ മാത്രമാണ് പദ്ധതി ആരംഭിച്ചത്. കേരളത്തില്‍ ഈ പദ്ധതിയുടെ സേവനം നിലമ്പൂര്‍, അട്ടപ്പാടി ബ്ലോക്കുകളില്‍ കൂടി വ്യാപിപ്പിച്ചു. ഈ വര്‍ഷം കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. രാഹുല്‍, യൂണിസെഫ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു. 

Exit mobile version