Site iconSite icon Janayugom Online

സനാതനികളെ സൂക്ഷിക്കണമെന്ന് സിദ്ധരാമയ്യ

സനാതനികളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആര്‍എസ്‌എസിനോടും സംഘ്പരിവാറിനോടും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മൈസൂർ സർവകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നിടയിലാണ് പരാമര്‍ശം. ബി ആര്‍ അംബേദ്കറോടും അദ്ദേഹം രൂപപ്പെടുത്തിയ ഭരണഘടനയോടും ചരിത്രപരമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ് ആര്‍എസ്എസ്. ശരിയായ കൂട്ടുകെട്ട് പുലര്‍ത്തുക, സാമൂഹിക മാറ്റത്തെ എതിർക്കുന്നവരുമായോ ‘സനാതനി’കളുമായോ കൂട്ടുകെട്ടുണ്ടാക്കരുത്.

സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവരുമായാണ് സഹവസിക്കേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ അടുത്തിടെ ചെരിപ്പ് എറിഞ്ഞ സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. ഒരു സനാതനി ജസ്റ്റിസിന് നേരെ ചെരിപ്പെറിഞ്ഞു. ഈ പ്രവൃത്തിയെ ദളിതര്‍ മാത്രമല്ല സമൂഹത്തിലെ എല്ലാവരും അപലപിക്കണം. ആര്‍എസ്‌എസും സംഘ്പരിവാറും ഭരണഘടനയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. അംബേദ്കറെപ്പറ്റി നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അംബേദ്കർ സമാനതകളില്ലാത്ത വ്യക്തിത്വമാണ്. മറ്റൊരു അംബേദ്കർ ഒരിക്കലും ജനിക്കില്ല. എല്ലാവരും അദ്ദേഹത്തിന്റെ ആദർശങ്ങളും ചുവടുകളും പിന്തുടരണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Exit mobile version