Site iconSite icon Janayugom Online

രോഗ പ്രതിരോധത്തില്‍ സിദ്ധയുടെ പങ്ക് ശ്രദ്ധേയം: ആരോഗ്യമന്ത്രി

veenageorgeveenageorge

കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക എന്ന സിദ്ധ ചികിത്സാശാസ്ത്രത്തിന്റെ കാഴ്ചപ്പാടിന് വളരെയധികം പ്രസക്തിയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ദേശീയ സിദ്ധദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ‘പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സിദ്ധ ഔഷധങ്ങളുടെ പ്രസക്തി’ എന്നതാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണ സന്ദേശം. 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഡിന് പ്രത്യേക പ്രോട്ടോകോള്‍ തന്നെ സിദ്ധ വിഭാഗത്തിന്റേതായി നിലവിലുണ്ട്. കോവിഡ് വ്യാപന സമയത്ത് ആയുര്‍വേദത്തിലെയും സിദ്ധയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലുകള്‍ ആരംഭിച്ചു. ഈ മേഖലയുടെ പ്രാധാന്യം സര്‍ക്കാരിന്റെ മുഖ്യ പരിഗണനയില്‍ തന്നെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി പൊതുജനങ്ങള്‍ക്കായി തയാറാക്കിയ ‘സിദ്ധ ചികിത്സ ആമുഖം’ എന്ന ബുക്ക്‌ലെറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഡോ. എ കനകരാജന്‍, ഡോ. വി എ രാഹുല്‍, ഡോ. പി ആര്‍ സജി, ഡോ. ഷൈജു എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:Siddha Treat­ment in dis­ease pre­ven­tion is note­wor­thy: Health Minister
You may also like this video

Exit mobile version