യുഎപിഎയ്ക്ക് പുറമേ ഇഡി കേസിലും ജാമ്യം ലഭിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ പുറത്തിറങ്ങുന്നത് വൈകും. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ജയിലിലാണ്. ഇഡി ചുമത്തിയ കള്ളപ്പണക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസില്‍ സുപ്രീംകോടതി സെപ്റ്റംബർ ഒമ്പതിന് ജാമ്യം നല്‍കിയിരുന്നു.
ഉപാധികളില്ലാതെയാണ് ലഖ്നൗ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാപ്പന്റെ അഭിഭാഷകന്‍ മുഹമ്മദ് ഡാനിഷ് പറഞ്ഞു. കോടതിയുടെ ഈ വര്‍ഷത്തെ അവസാനത്തെ പ്രവര്‍ത്തിദിനമായിരുന്നതിനാല്‍ രണ്ട് ജാമ്യക്കാരെ ഹാജരാക്കണമെന്ന ജാമ്യവ്യവസ്ഥ ജനുവരിയില്‍ മാത്രമേ നടപ്പാക്കാനാകൂ. ജനുവരി രണ്ടിനാണ് കോടതി വീണ്ടും തുറക്കുക.
അതേസമയം യുഎപിഎ കേസില്‍ ജാമ്യക്കാരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സൂക്ഷ്മ പരിശോധന അധികൃതര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ വൈകിപ്പിക്കുന്നതിലൂടെ കാപ്പന്റെ മോചനത്തിന് കാലതാമസമെടുക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡാനിഷ് പറഞ്ഞു.