വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹ വാസത്തിനൊടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍മോചിതനാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വിടുതല്‍ ഉത്തരവ് വിചാരണ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും ഉത്തരവ് എത്തുമ്പോള്‍ നാല് മണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.
അറസ്റ്റിലായ ശേഷം രണ്ടുതവണ മാത്രമാണ് സിദ്ദിഖ് പ്രത്യേക ജാമ്യത്തില്‍ ഇറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോള്‍ എയിംസില്‍ ചികിത്സക്ക് വേണ്ടിയുമായിരുന്നു ഇത്. സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനം വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പരമാവധി വൈകിപ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.
ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഡല്‍ഹിക്കടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് യുപി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തത്. പിന്നീട് കാപ്പനെതിരെ യുഎപിഎ ചുമത്തി. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യുപി പൊലീസ് കാപ്പനെതിരെ ചുമത്തിയിരുന്നു.
കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ വാദം.
സെപ്റ്റംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സുപ്രീം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 23ന് ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. പ്രധാനപ്പെട്ട രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചനത്തിന് അവസരമൊരുങ്ങുന്നത്.
English Summary: Siddique Kappan will be released from jail tomorrow
You may also like this video