ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ച് ഒരുമാസം കഴിയുമ്പോഴും പുറത്തിറങ്ങാനായില്ല.
ജാമ്യ പരിശോധന പൂര്‍ത്തിയായതിനാല്‍ ഇന്നലെ വൈകിട്ടോടെ കാപ്പന്‍ ജയില്‍ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന പ്രത്യേക കോടതി ജില്ലാ ജഡ്ജി ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഇതുവരെ വിടുതല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഇതാണ് പുറത്തിറങ്ങുന്നത് വീണ്ടും വൈകിപ്പിച്ചത്.
രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഭീകരവാദക്കേസില്‍ സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചിട്ടും ഒരു മാസത്തിലധികമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്.
ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമം, യുഎപിഎ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ കാപ്പനെതിരെ ചുമത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിനു പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
English Summary: Siddique Kappan’s release delays: Supreme Court order violated
You may also like this video