നവ്ജ്യോത് സിങ് സിദ്ദുവിന് പാര്‍ട്ടിയില്‍ വന്‍ തിരിച്ചടി പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചർൺജിത്ത് സിങ് ചന്നിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
കോൺഗ്രസ് നടത്തിയ സർവേ ചരൺജിത്ത് സിംഗ് ചന്നിക്ക് അനുകൂലമായിരുന്നു. പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും ചരൺജിത്ത് സിങ് ചന്നിയുമായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് കൂടുതൽ ദളിത് വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
ആഭ്യന്തര സര്‍വേയ്ക്ക് പിന്നാലെയാണ് സിദ്ദു കടുത്ത പ്രതികരണവുമായി മുന്നോട്ടുവന്നിരുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് ആവശ്യം ദുര്‍ബലനായ മുഖ്യമന്ത്രിയാണ് എന്ന പ്രസ്താവന രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ലക്ഷ്യംവയ്ക്കുന്നതായിരുന്നു. എന്തായാലും സിദ്ദുവിന്റെ നിലപാട് പാര്‍ട്ടിയുടെ പ്രകടനത്തില്‍ വലിയ സ്വാധീനം ചെലുത്തിയേക്കും,
സാധാരണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടല്ല കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍ സംസ്ഥാനത്ത് നേതൃതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചത്. എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും കാരണമായി. ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് ചന്നി മത്സരിക്കുന്നത്.
ലുധിയാനയിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിലായിരിക്കും രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അതേസമയം ജാട്ട് സിഖ് വിഭാഗത്തിന്റെ നേതാവായ സിദ്ദു പാര്‍ട്ടിയ്ക്കുള്ളില്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല. അഭിപ്രായ വോട്ടെടുപ്പില്‍ ചന്നിക്ക് മുന്‍ തൂക്കം ലഭിച്ചെങ്കിലും മണല്‍ഖനന കേസില്‍ മരുമകന്റെ അറസ്റ്റോടെ അല്പം പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. സിദ്ദു പരസ്യപ്രതികരണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം വീതം വയ്ക്കുന്നതും നേതൃത്വം പരിഗണിച്ചിരുന്നു. എന്നാല്‍ ഇതിനോട് ഇരുവിഭാഗവും താല്പര്യം കാട്ടിയിട്ടില്ല.
english summary; Sidhu have major setback in the party
you may also like this video;