Site iconSite icon Janayugom Online

സിദ്ദു മൂസെവാലയുടെ കൊലപാതകം: കൊലയാളി സംഘത്തില്‍ എട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍

Sidhu murder caseSidhu murder case

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ എട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാരെ തിരിച്ചറിഞ്ഞു. പ്രതികള്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളാണ്. മൂസെവാലയുടെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്കായി മൂന്ന് സംസ്ഥാനങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

മന്‍പ്രീത് സിങ്, ജഗ്‌രൂപ് സിങ് രൂപ, മന്നി, പ്രിയവ്രത് ഫൗജി, അങ്കിത് സെര്‍സ ജാതി, സന്തോഷ് ജാദവ്, സൗരവ് മഹാകാല്‍, സുഭാഷ് ബനൂഡ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മൂസെവാലയുടെ കുടുംബം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഗുണ്ടാ കുടിപ്പകയാണ് മൂസെവാലയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

പഞ്ചാബിലെ എഎപി സര്‍ക്കാര്‍ സുരക്ഷ റദ്ദാക്കിയതിനു തൊട്ടടുത്ത ദിവസമാണ് കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയത്. 19 വെടിയുണ്ടകളാണ് മൃതദേഹത്തില്‍ നിന്നും കണ്ടെടുത്തത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ കീഴിലുള്ള സംഘമാണ് മൂസെവാലയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് തൊട്ടു പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അധോലോക നായകന്‍ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയിയും ഗോള്‍ഡി ബ്രാറും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. അതേസമയം കൊലപാതകം നടത്തിയത് തന്റെ സംഘമാണെന്ന് ബിഷ്‌ണോയ് ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Sid­hu Muse­wala’s mur­der: Eight sharp­shoot­ers in a group of killers

You may like this video also

Exit mobile version