ഭാര്യയുടെ സ്തനാര്‍ബുദം മഞ്ഞളിന്റെ നിരന്തര ഉപയോഗത്തിന്റെ ഫലമായി ഭേദമായെന്ന മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ധുവിന്റെ വാദം തള്ളി ഡോക്ടര്‍മാര്‍. സിദ്ധുവിന്റെ വാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വ്യാജ അവകാശവാദത്തില്‍ കുടുങ്ങരുതെന്നും ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ധര്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമ വീഡിയോ വഴി ഭാര്യ നവജ്യോത് കൗറിന്റെ സ്തനാര്‍ബുദം മഞ്ഞളും ആര്യവേപ്പും ഉപയോഗിച്ചത് വഴി ഭേദമായെന്ന് സിദ്ധു അവകാശപ്പെട്ടത്. പാലുല്പന്നങ്ങളും പഞ്ചസാരയും രോഗം ഭേദമാകാന്‍ ഇടവരുത്തിയെന്നും സ്ഥിരമായി ഈ ആഹാരരീതി സ്വീകരിച്ചത് കാരണം ശസ്ത്രക്രിയ വേണ്ടിവന്നില്ലെന്നും സിദ്ധു വീഡിയോയില്‍ പറഞ്ഞിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെയാണ് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ കാന്‍സര്‍ വിദഗ്ധര്‍ വാദം ഖണ്ഡിച്ച് രംഗത്തുവന്നത്. മുംബൈ ടാറ്റ ആശുപത്രിയിലെ പ്രൊഫസര്‍ സി എസ് പ്രമേഷാണ് സിദ്ധുവിന്റെ അവകാശവാദം വിശ്വസിക്കരുതെന്ന് പ്രതികരിച്ചത്. ശാസ്ത്രീയമായ പഠനവും തെളിവുമില്ലാതെയുള്ള ഇത്തരം അഭിപ്രായങ്ങള്‍ ജനങ്ങളില്‍ തെറ്റായ അവബോധം സൃഷ്ടിക്കും. ശസ്ത്രക്രിയ, തുടര്‍ന്നുള്ള കീമോ തെറാപ്പി എന്നിവയാണ് രോഗം ഭേദമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.