ജനാധിപത്യ വിരുദ്ധമായ മ്യാന്‍മറിലെ സെെനിക അട്ടിമറിക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും രാജ്യം കലുഷിതമായി തുടരുന്നു.ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരിനെ പുറത്താക്കി രാജ്യത്തിന്റെ ജനകീയ നേതാവിനെ തടങ്കലിലാക്കിയ, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു വര്‍ഷത്തിനെതിരെയുള്ള ഒരു ജനതയുടെ നിശബ്ദ സമരം പ്രധാന നഗരങ്ങളെ പൂര്‍ണമായും വിജനമാക്കിയിരുന്നു. മ്യാൻമറിലെ ഐതിഹാസിക നേതാവും സ്വാതന്ത്ര്യ നായകനായ ഓങ് സാന്റെ മകളുമായ ഓങ് സാൻ സൂചി സര്‍ക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കുകയും സെെന്യം തന്നെ സൃഷ്ടിച്ചെടുത്ത ആരോപണങ്ങളില്‍ കുറ്റം ചുമത്തി ശിക്ഷ വിധിച്ച് തടങ്കലിലാക്കുകയും ചെയ്തതോടെ കൃത്യമായ ജനാധിപത്യ മൂല്യത്തോടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മ്യാന്‍മറിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത്.
അട്ടിമറിക്കെതിരെ നടന്ന വ്യാപകമായ പ്രതിഷേധങ്ങളെല്ലാം ക്രൂരമായി അടിച്ചമർത്തപ്പെടുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാധാനപരമായി നിലനിന്നിരുന്ന നഗര കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സെെന്യത്തിന്റെ സായുധ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അസോസിയേഷൻ ഫോർ ദി അസിസ്റ്റൻസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സിന്റെ കണക്കനുസരിച്ച്, സെെനിക ആക്രമണങ്ങളില്‍ ഏകദേശം 1,500 സാധാരണക്കാരെയാണ് സെെന്യം കൊല്ലപ്പെടുത്തിയത്. കൂടാതെ 12,000 ത്തോളം പേർ തടവിലാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രകോപനമുണ്ടാക്കിയെന്ന ആരോപണത്തില്‍ വിദ്യാർത്ഥി നേതാവ് കോ ജിമ്മി, എൻഎൽഡി നിയമസഭാംഗവും ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുമായ ഫിയോ സായാർ ഥാ എന്നീ രണ്ട് പ്രമുഖ പ്രതിപക്ഷ പ്രവർത്തകർക്കുമെതിരെ തീവ്രവാദക്കുറ്റം ചുമത്തി സൈനിക ട്രിബ്യൂണൽ വധശിക്ഷ വിധിച്ചു. ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആഗോളതലത്തിലും സെെന്യത്തിന്റെ അട്ടിമറിക്കെതിരെ പ്രതിഷേധമുയര്‍ന്നു. യുഎസ് , ബ്രിട്ടൻ, കാനഡ എന്നിവ സൈന്യത്തിന്മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും മറ്റ് രാജ്യങ്ങളുമായി ചേർന്ന് മ്യാൻമറിലേക്കുള്ള ആയുധ വിൽപ്പന ആഗോളതലത്തിൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജനാധിപത്യവിരുദ്ധമായ ഏതൊരു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ നിന്നുണ്ടാവുമെന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് മ്യാന്‍മര്‍ ജനത. ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടാല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്നതിന്റെ ശക്തമായ പ്രതീകമായും മ്യാന്‍മാര്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നിലനില്‍ക്കുന്നു.
English summary : Silent struggle of the Myanmar people against anti-democracy
you may also like this video