Site iconSite icon Janayugom Online

സില്‍ക്യാര തുരങ്ക ദുരന്തം: രക്ഷാദൗത്യം അന്തിമഘട്ടത്തില്‍

tunneltunnel

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍.
അപ്രതീക്ഷിതമായി വന്ന തടസങ്ങളാണ് രക്ഷാദൗത്യത്തിന്റെ വേഗത കുറച്ചത്. 12 ദിവസമായി തുടരുന്ന രക്ഷാദൗത്യം ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി എൻഡിഎംഎ അംഗം ലഫ്റ്റനന്റ് ജനറല്‍(റിട്ട.) സയ്ദ് അതാ ഹുസ്നൈൻ പറഞ്ഞു. ഇന്നലെ ഡ്രില്ലിങ് മെഷീനിന് തകരാര്‍ നേരിട്ടതോടെ തുരക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. അവശിഷ്ടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും ഡ്രില്ലിങ് മെഷീന് തകരാര്‍ സംഭവിക്കുന്നതും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കിയിരുന്നു.

തൊഴിലാളികളെ രക്ഷപ്പെടുത്തിയാലുടൻ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. ഇതിനായി 41 ആംബുലൻസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിവിടുന്ന പൈപ്പുകള്‍ തൊഴിലാളികളുടെ അരികില്‍ എത്തുന്ന സമയത്ത്, ഓരോ തൊഴിലാളിയെയും വീല്‍ഡ് സ്‌ട്രെച്ചറില്‍ ബന്ധിപ്പിച്ച്‌ പുറത്ത് എത്തിക്കാനാണ് പദ്ധതി. ഗുരുതരാവസ്ഥയിലുള്ള തൊഴിലാളികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. 

പത്തോളം വിദഗ്ധ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധരും രക്ഷാദൗത്യത്തിനായി കൈകോര്‍ത്തിരുന്നു. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍, ബിഹാര്‍, ഉത്തരാഖണ്ഡ്, ബംഗാള്‍, ഒഡിഷ, അസം തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികള്‍. ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ രാജ്യത്ത് നിര്‍മ്മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളിലും പരിശോധന നടത്താൻ ദേശീയ പാത വികസന അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Silk­yara tun­nel dis­as­ter: Res­cue mis­sion in final stages

You may also like this video

Exit mobile version