Site iconSite icon Janayugom Online

സില്‍വര്‍ ലൈന്‍: ബ്രോഡ് ഗേജിലാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വ്യക്തത തേടും

അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ ബ്രോഡ്‌ ഗേജിൽ നടപ്പാക്കണമെന്ന നിർദേശത്തിൽ വ്യക്തത തേടാൻ കെ റെയിൽ.ഇതുസംബന്ധിച്ച്‌ ദക്ഷിണറെയിൽവേ വിളിച്ചുചേർത്ത യോഗം അഞ്ചിന്‌ നടക്കും. പദ്ധതിയുടെ നിലവിലെ ഡിപിആറിൽ സ്‌റ്റാൻഡേർഡ്‌ ഗേജാണ്‌ വിഭാവനം ചെയ്‌തിരുന്നത്‌. തിരുവനന്തപുരം –-കാസർകോട്‌ വരെയുള്ള പാതയിൽ 220 കിലോമീറ്റർ വേഗമാണ്‌ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ബ്രോഡ്‌ ഗേജിലേക്ക്‌ മാറ്റി ഡിപിആർ സമർപ്പിക്കണമെന്ന്‌ റെയിൽവേ നിർദേശം കെ റെയിലിന്‌ ലഭിച്ചത്‌.

അതേസമയം രാജ്യത്ത്‌ ഇതുവരെ നടപ്പാക്കിയ ബ്രോഡ്‌ ഗേജിൽ പരമാവധി 160 കിലോമീറ്ററാണ്‌ വേഗം. യാത്ര, ചരക്ക്‌ ട്രെയിനുകൾ ഓടിക്കാൻ കഴിയും വിധം നിർമിക്കണമെന്നുമാണ്‌ റെയിൽവേയുടെ ആവശ്യം. കവച് പോലുള്ള സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ കൂടുതൽ ട്രെയിൻ ഓടിക്കാൻ കഴിയും എന്നും പറയുന്നു. കൂടാതെ 50 കിലോമീറ്ററില്ലെങ്കിലും ഈ പാത നിലവിലെ റെയിൽവേ പാതയ്‌ക്ക്‌ സമാന്തരമായി പോകണമെന്നും നിർദേശമുണ്ട്‌.

ബ്രോഡ്‌ ഗേജിൽ നിർമിക്കുമ്പോൾ ആവശ്യമായ സ്ഥലം റെയിൽവേ വിട്ടു നൽക്കുമോ എന്ന കാര്യത്തിലും വ്യക്തത വേണ്ടി വരും. ബുള്ളറ്റ്‌ ട്രെയിനുകൾ ഉൾപ്പെടെ ലോകത്ത്‌ ഓടിക്കുന്നത്‌ സ്‌റ്റാൻഡേർഡ്‌ ഗേജിലൂടെയാണ്‌. കേരളത്തിലെ റെയിൽവേ യാത്രാദുരിതം പരിഹരിക്കാൻ പുതിയ പാത ആവശ്യമാണ്‌. മൂന്നും നാലും പാതകൾ റെയിൽവേ നിർമിക്കുമെന്ന്‌ പറയുമ്പോഴും നടപടികൾ എങ്ങും എത്തിയിട്ടില്ല.

Sil­ver Line: Clar­i­fi­ca­tion will be sought on the pro­pos­al to make it broad gauge

Exit mobile version