Site iconSite icon Janayugom Online

സിൽവർ ലൈൻ: യുഡിഎഫ്‌ വാദം നുണ; നിയമസഭ ചർച്ചചെയ്‌തു

യു‍ഡിഎഫ് പ്രചരിപ്പിക്കുന്നത് സിൽവർ ലൈനിനെക്കുറിച്ച്‌ നിയമസഭ ചർച്ച ചെയ്തില്ലെന്ന പച്ചനുണ. അതേസമയം സഭയിൽ പ്രതിപക്ഷംതന്നെ അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷനേതാക്കൾ പദ്ധതിക്കെതിരെ സംസാരിക്കുകയും ചെയ്‌തതും  മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകിയെന്നതും നേരത്തെ തന്നെ വാര്‍ത്തകളായിരുന്നു.

ഒക്ടോബർ 13നു സഭ ചേർന്നപ്പോഴാണ്‌ എം കെ മുനീർ, എ പി അനിൽകുമാർ, മോൻസ്‌ ജോസഫ്‌, അനൂപ്‌ ജേക്കബ്‌, മാണി സി കാപ്പൻ, കെ കെ രമ എന്നിവർ അടിയന്തരപ്രമേയ നോട്ടീസ്‌ നൽകിയത്‌. നിയമസഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. പ്രമേയം അവതരിപ്പിച്ച്‌ എം കെ മുനീറും കക്ഷിനേതാക്കളും പ്രസംഗിച്ചു.

യാത്രക്കാരുടെ എണ്ണം കാണിച്ചിരിക്കുന്നത്‌ തെറ്റാണ്‌, കോസ്റ്റ്‌ ഇഫക്ടീവാകണം, ടിക്കറ്റുനിരക്ക്‌ കുറയ്‌ക്കണം, പരിസ്ഥിതിക്ക്‌ ആഘാതമുണ്ടാക്കാതെ നോക്കണം എന്നൊക്കെയായിരുന്നു വി ഡി സതീശന്റെ പ്രസംഗം. വമ്പൻ പദ്ധതികൾക്ക്‌ തങ്ങൾ എതിരല്ലെന്നും കടവും പരിസ്ഥിതി നാശവുമാണ്‌ പ്രശ്നമെന്നും മുനീറും പറഞ്ഞു.

ഏറ്റവും കുറഞ്ഞ പരിസ്ഥിതി നാശവും ചെലവുകുറഞ്ഞതുമായ പദ്ധതിയാണ്‌ സിൽവർ ലൈനെന്ന്‌, യുഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ച അതിവേഗ പാതയുമായി താരതമ്യംചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ജനവാസമേഖലകളെയും തണ്ണീർത്തടങ്ങളെയും പരമാവധി ഒഴിവാക്കിയിട്ടുണ്ട്‌.

വരുമാനത്തിൽനിന്ന്‌ വായ്പയുടെ തിരിച്ചടവ്‌ ഉണ്ടാകും, പാത വരുന്നതിലൂടെ നാടിനുണ്ടാകുന്ന വികസനം നേട്ടമാകുമെന്നും മുഖ്യമന്ത്രി ആവർത്തിച്ച്‌ വ്യക്തമാക്കുകയും ചെയ്തു. സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നു കണ്ടതിനാൽ പ്രമേയം തള്ളിക്കളയുകയായിരുന്നു.പ്രതിപക്ഷാംഗങ്ങൾ സിൽവർ ലൈൻ വിഷയം ചോദ്യോത്തരവേളയിൽ കൊണ്ടുവന്നത്‌ മൂന്നു പ്രാവശ്യം. 14 ചോദ്യമാണ്‌ ഉന്നയിച്ചത്‌.

എല്ലാ ചോദ്യത്തിനും കണക്ക്‌ ഉദ്ധരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയും നൽകി.തിരുവഞ്ചൂർ രാധകൃഷ്ണൻ, എൽദോസ്‌ കുന്നപ്പിള്ളി, റോജി എം ജോൺ, പി ടി തോമസ്‌ എന്നിവർ ഒക്ടോബർ 27നു നൽകിയ നാല്‌ ചോദ്യം അംഗീകാരം, സാമ്പത്തിക സ്രോതസ്സ്‌ എന്നിവ സംബന്ധിച്ചായിരുന്നു.

അന്നുതന്നെ എ പി അനിൽകുമാർ, ടി ജെ വിനോദ്‌, അൻവർ സാദത്ത്‌, സണ്ണി ജോസഫ്‌ എന്നിവരും ചോദ്യങ്ങളുയർത്തി. ചെലവ്‌, വരുമാനം എന്നിവ സംബന്ധിച്ചായിരുന്നു ഇത്‌. വിശദ പദ്ധതിരേഖ, സാധ്യതാപഠനം എന്നിവയെക്കുറിച്ച്‌ അഞ്ച്‌ ചോദ്യമുന്നയിച്ചത്‌ മോൻസ്‌ ജോസഫ്‌, അനൂപ്‌ ജേക്കബ്, പി ജെ ജോസഫ്‌, മാണി സി കാപ്പൻ എന്നിവരാണ്‌. നിയമസഭാ രേഖകളിൽ ഇതുണ്ട്‌.

Eng­lish Sum­ma­ry: Sil­ver Line: UDF argu­ment is a lie; The Assem­bly debat­ed silverline

You may also like this video:

Exit mobile version