Site iconSite icon Janayugom Online

സിൽവർലൈൻ കേരളത്തിന്റെ സ്വപ്നപദ്ധതി: കെ പ്രകാശ് ബാബു

K Prakash babuK Prakash babu

കേരളത്തിന്റെ സ്വപ്നപദ്ധതി, വികസന പദ്ധതി എന്ന നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ദളിത് അവകാശ മുന്നേറ്റ സമിതി കേരള ഘടകത്തിന്റെ സംസ്ഥാന പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമായ സമയമെടുത്ത് സമാധാനപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞാൽ ജനങ്ങള്‍ സര്‍ക്കാരിനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തും. വികസന പ്രവര്‍ത്തനങ്ങളെ അപ്പാടെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. യുഡിഎഫും ബിജെപിയും മറ്റു വർഗീയ സംഘടനകളും ഒത്തുചേർന്ന് എൽഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിക്കുന്നു. ഇതിനെതിരെ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനങ്ങളെ അണിനിരത്തുമെന്നും പ്രകാശ് ബാബു പറഞ്ഞു.

ആരെയും വേദനിപ്പിച്ച് കെ റയിൽ മാത്രമല്ല, ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ കാട്ടുന്ന ധൃതിയും ചിലരുടെ സമീപനങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്. സർക്കാരിന്റെ ചില കാര്യങ്ങളില്‍ തിരുത്തലുകള്‍ വേണ്ടതുണ്ടെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പദ്ധതി എന്ന നിലയിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി സർക്കാർ വിഭാവനം ചെയ്തത്. ആദ്യഘട്ടത്തിൽ യാതൊരു എതിര്‍പ്പും കേരളത്തിൽ ഉയര്‍ന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന് എതിരാണെന്ന് കരുതുന്നില്ല. സ്വന്തം കിടപ്പാടവും ആകെയുള്ള ഭൂമിയും നഷ്ടപ്പെടുമെന്ന തെറ്റിദ്ധാരണയാണ് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

സർവേ നിർത്തിവച്ചിട്ടില്ല: മന്ത്രി കെ രാജൻ

പാലക്കാട്: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. പാലക്കാട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം തണുപ്പിക്കാൻ ബന്ധപ്പെട്ട ഏജൻസി സർവേ നടപടികൾ താൽക്കാലികമായി നിർത്തിയതാകാം. സിൽവർ ലൈൻ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും.

ഷൊർണൂർ കുളപ്പുള്ളി വില്ലേജ് ഓഫീസ് കെട്ടിടം, ശ്രീകൃഷ്ണപുരം 2 വില്ലേജ് ഓഫീസ് മന്ദിരം എന്നിവയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി കെ രാജൻ.

Eng­lish Sum­ma­ry: Sil­ver­line Ker­ala’s dream project: K Prakash Babu

You may like this video also

Exit mobile version