Site iconSite icon Janayugom Online

ലളിതം മധുരം നൂറാം പിറന്നാള്‍; ഒരു സമര നൂറ്റാണ്ട് പ്രകാശനം ചെയ്തു

shajishaji

ലളിതമായ ആഘോഷങ്ങളോടെ വിഎസിന് നൂറാം പിറന്നാള്‍. സിപിഐ(എം) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി രാഷ്ട്രീയ‑സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്ത് ‘വേലിക്കകത്ത് വീട്ടി‘ലെത്തി പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ഫോണിലും സമൂഹമാധ്യമങ്ങളിലുമായി വിഎസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
വിഎസ് മയക്കത്തിലായിരുന്നപ്പോഴാണ് മുഖ്യമന്ത്രി എത്തിയത്. ജന്മദിനാശംസ അറിയിച്ച് അഞ്ച് മിനിറ്റുകൾക്ക് ശേഷം അദ്ദേഹം മടങ്ങി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എസ് രാമചന്ദ്രന്‍പിള്ള, മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കോൺഗ്രസ് നേതാക്കളായ വി എം സുധീരൻ, രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പിറന്നാളാശംസ നേരാന്‍ എത്തിയിരുന്നു.
വി എസ് സന്തോഷവാനായിരിക്കുന്നുവെന്നും എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും മകനും ഐഎച്ച്ആർഡി ഡയറക്ടറുമായ ഡോ. വി എ അരുൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ പിറന്നാൾ ആഘോഷമൊക്കെ വീടിന് പുറത്തായിരുന്നു. തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും വീടുകളിലും കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് കേക്ക് മുറിച്ചും പായസം വച്ചും മധുരം വിതരണം ചെയ്തും പിറന്നാൾ ആഘോഷിച്ചു. വിവിധ ജില്ലകളില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. 

മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരൻ രചിച്ച വി എസ് അച്യുതാനന്ദന്റെ പൊതുപ്രവർത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന ‘ഒരു സമര നൂറ്റാണ്ട്’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ ഷാജി എൻ കരുണിന് നൽകി പ്രകാശനം ചെയ്തു.അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: Sim­ple Sweet 100th Birth­day; A cen­tu­ry of strug­gle was released

You may also like this video

Exit mobile version