Site iconSite icon Janayugom Online

2013 മുതല്‍ എല്ലാ വര്‍ഷവും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു; മിന്നല്‍ പ്രളയങ്ങള്‍ക്ക് കാരണം കാലാവസ്ഥ വ്യതിയാനം?

വിപുലമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിനും 2017ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തിനും പിന്നില്‍ കാലാവസ്ഥ വ്യതിയാനമാണെന്ന നിഗമനത്തിലാണ് കാലാവസ്ഥ വിദഗ്ധര്‍. അതേസമയം 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റി വിശദമായ പഠനം ഇനിയും നടത്തേണ്ടതുണ്ട്.
2013ലെ ഉത്തരാഖണ്ഡ് ദുരന്തത്തിനുശേഷം എല്ലാ വര്‍ഷവും രാജ്യത്തെ ഏതെങ്കിലും ഒരു മേഖലയില്‍ അതിതീവ്രമഴയെ തുടര്‍ന്ന് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും പഠനങ്ങളില്‍ നിന്നും വെളിപ്പെട്ടു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി എല്ലാ വര്‍ഷവും പെയ്യുന്ന മഴയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നില്ലെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അതിതീവ്രമഴയും ബാക്കിയുള്ള ദിവസങ്ങള്‍ വരള്‍ച്ചാദിനങ്ങളാകുന്ന പ്രതിഭാസവും ആവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് മൂലമാണ് ദുരന്തങ്ങളുടെ വ്യാപ്തി കൂടുന്നത്.
ഉത്തരാഖണ്ഡ് ദുരന്തത്തിനുശേഷം 2014ല്‍ കാശ്‌‌മീരിലായിരുന്നു പ്രളയം. ചെന്നെയില്‍ 2015ല്‍ ആഞ്ഞടിച്ച അതിതീവ്രമഴ നഗരപ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി. 2016ല്‍ ഊഴം ബിഹാറിനായിരുന്നു. 2017ലാകട്ടെ ചണ്ഡിഗറിലും. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ചറിഞ്ഞവരാണ് നമ്മള്‍. 2019ല്‍ പൂനെയിലും കോലാപ്പൂരിലും മഴ തകര്‍ത്തുപെയ്തതിന്റെ ഫലമായി പ്രദേശമാകെ വെള്ളത്തില്‍ മുങ്ങി. 2020ല്‍ മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്ര പ്രളയ ജലത്തിലായി. 2021ല്‍ ആന്ധ്ര, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അസം, മേഘാലയ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ചറിഞ്ഞു.
2022ല്‍ അമര്‍നാഥ്, ഗുജറാത്ത്, ഒഡിഷ, അസം, ബംഗളൂരു എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ അനേകായിരങ്ങള്‍ ഭവനരഹിതരായി. ഈ വര്‍ഷം ഊഴം ഉത്തരേന്ത്യയ്ക്കായിരുന്നു. ഹിമാചല്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, യുപി എന്നീ സംസ്ഥാനങ്ങള്‍ പ്രളയത്തിലാറാടി. കനത്ത മഴയില്‍ നൂറോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ദശലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണ് ഈ സംസ്ഥാനങ്ങളിലുണ്ടായത്.
കാലവര്‍ഷം തുടങ്ങിയ ജൂണ്‍ മാസത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. സാധാരണഗതിയില്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെങ്കിലും എല്‍ നിനോയുടെ ആവിര്‍ഭാവത്തെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരം രാജ്യത്ത് 50 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം വടക്കു പടിഞ്ഞാറന്‍ മേഖലയിലും മധ്യ ഇന്ത്യയിലെ ചില ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു എന്നത് മാത്രമാണ് അപവാദം. പക്ഷേ ജൂലൈ ആയപ്പോഴേക്ക് സ്ഥിതി മാറി. കനത്ത മഴയില്‍ രാജ്യതലസ്ഥാനം മുങ്ങി. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളിലും പ്രളയസമാനമായ അവസ്ഥയാണ് നിലവിലുള്ളത്.
ഹിമാചല്‍ പ്രദേശില്‍ സാധാരണ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴയാണ് ജൂലൈയില്‍ ലഭിച്ചത്. പഞ്ചാബിലാകട്ടെ മൂന്നിരട്ടിയും. ഡല്‍ഹിയില്‍ മഴ റെക്കോഡിട്ടതോടെ ജനജീവിതം സ്തംഭിച്ചു. ജൂലൈയിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ സാധാരണ ലഭിക്കുന്ന മഴ 50.4 മില്ലീമീറ്ററാണെങ്കില്‍ ഇക്കുറി ലഭിച്ചത് 134.6 മില്ലീമീറ്ററാണ്. അതായത് 167 ശതമാനം അധികമഴയാണ് ജൂലൈയിലെ ആദ്യ 10 ദിവസങ്ങളില്‍ ലഭിച്ചത്. ചണ്ഡിഗറില്‍ 86.9 മില്ലീമീറ്റര്‍. മഴ ലഭിക്കേണ്ടിടത്ത് ഇക്കുറി സര്‍വകാല റെക്കോഡായിരുന്നു- 633.8 മില്ലീമീറ്റര്‍. 629 ശതമാനം അധിക മഴ. ലഡാക്കില്‍ ജൂലൈയിലെ ആദ്യ 10 ദിവസം ലഭിക്കുന്ന ശരാശരി മഴ 4.1 മില്ലീമീറ്ററാണെങ്കില്‍ ഇക്കുറി 27.8 മില്ലീമീറ്റര്‍ മഴ കിട്ടി. 578 ശതമാനം അധിക മഴയാണ് പെയ്തിറങ്ങിയത്.
അതി തീവ്രമഴയ്ക്ക് കാരണം മേഘ ഘടനയിലുണ്ടായ മാറ്റമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അഞ്ച് മുതല്‍ ആറ് വരെ കിലോമീറ്റര്‍ ഉയരത്തിലുള്ള ഇടത്തരം മഴ മേഘങ്ങള്‍ക്ക് പകരം മഴ മേഘങ്ങളുടെ വ്യാപ്തി 10 കിലോമീറ്ററില്‍ കൂടുതലായി. ഇത്തരം മേഘങ്ങള്‍ക്ക് വലിയ അളവില്‍ വെള്ളത്തെ ഉള്‍ക്കൊള്ളാനാകും. കേരളത്തിലെ മഴയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന അറബിക്കടലിലെ രീതിമാറ്റം ഇങ്ങനെയാണെങ്കില്‍ പസഫിക് സമുദ്രത്തിലും മറ്റും മേഘഘടനയിലുണ്ടായ മാറ്റം വളരെ വലുതാണ്. ഇതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

Eng­lish summary;Since 2013, dis­as­ters have been recur­ring every year

you may also like this video;

Exit mobile version