Site icon Janayugom Online

ഹൃദയപൂര്‍വം രവിയേട്ടനും ജോയിയണ്ണനും

panniyan

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജനങ്ങള്‍ ഏറ്റെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. മറ്റ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴും എല്‍ഡിഎഫ് പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി. തിരുവനന്തപുരം മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രനും, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയിയും ഇന്നലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കാനെത്തി. എന്നും ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്ന്, ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച അകമഴിഞ്ഞ സ്നേഹവും പിന്തുണയും. യുഡിഎഫ് എംപിമാരുടെ കീഴില്‍ മണ്ഡലങ്ങളിലുണ്ടായ വികസന മുരടിപ്പിന് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള തീരുമാനമെടുത്തുകൊണ്ട് ജനങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നില്‍ക്കുമെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാറശാല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെത്തി സാമുദായിക മതമേലധ്യക്ഷന്മാരെയും പൗരപ്രമുഖരെയും നേരിട്ടുകണ്ടു. അരുവിപ്പുറം ശ്രീ നാരായണധർമ്മ പരിപാലന മഠം, പനച്ചമൂട് ജമാ അത്ത് മസ്ജിദ്, ഉണ്ടൻകോട് ചർച്ച് തുടങ്ങി വിവിധ ആരാധനാലയങ്ങളും കലാ സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിച്ചു. സ്ഥാനാർത്ഥിയോടൊപ്പം സി കെ ഹരീന്ദ്രൻ എംഎൽഎയും നേതാക്കളായ കെ പി ഗോപകുമാർ, വാഴിച്ചൽ ഗോപൻ, സി സുന്ദരേശൻ നായർ, ആനാവൂർ മണികണ്ഠൻ, കുന്നത്തുകാൽ ശ്രീകണ്ഠൻ, കിളിയൂർ രാജേഷ്, ഷൈൻ കുമാർ, ആനപ്പാറ ബാലരാജ് എന്നിവരുമുണ്ടായിരുന്നു. ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെയും, ഉച്ചയ്ക്ക് മൂന്ന് മുതൽ ആറ് വരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെയും പ്രമുഖ വ്യക്തികളെയും, സ്ഥാപനങ്ങളും പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിക്കും.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച ആരംഭിച്ച റോഡ്‌ ഷോ ഇന്നലെയും തുടർന്നു. എൽഡിഎഫ്‌ സ്ഥാനാർത്ഥി വി ജോയിയെ ആറ്റിങ്ങല്‍ മണ്ഡലം ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. രാവിലെ എട്ടിന്‌ ആരംഭിച്ച റോഡ്‌ ഷോകൾ രാത്രി വൈകിയാണ്‌ സമാപിച്ചത്‌. ഓരോ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നൂറുകണക്കിന് പേരാണ് സ്ഥാനാര്‍ത്ഥിയോടൊപ്പമെത്തിയത്.

വെഞ്ഞാറമൂട്ടിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ബിജെപി ജില്ലാ കമ്മിറ്റിയംഗവും കർഷക മോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായ നെല്ലനാട്‌ ശശി എത്തിയത്‌ ഏവർക്കും ആവേശമായി. ബിജെപി വിടുകയാണെന്നും തന്നോടൊപ്പം കൂടുതൽ പ്രവർത്തകരെത്തുമെന്നും നെല്ലനാട്‌ ശശി അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളിൽ മനംമടുത്ത കൂടുതൽ ആളുകൾ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം എത്തുമെന്നും വി ജോയി പറഞ്ഞു. കഴിഞ്ഞ ദിവസം പാലോടും അമ്പതോളം പേർ കോൺഗ്രസ് വിട്ട്‌ സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
രാവിലെ എട്ടിന്‌ ചിറയിൻകീഴിൽനിന്നാണ്‌ റോഡ്‌ ഷോ ആരംഭിച്ചത്‌. റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരോട് വോട്ടഭ്യർത്ഥിച്ചശേഷം ബസ് സ്റ്റാന്റിലെത്തിയും വോട്ടർമാരെ കണ്ടു. തുടർന്ന്‌ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വലിയകട മുതൽ പുളിമൂട് ജങ്‌ഷൻവരെ റോഡ്ഷോ നടത്തി. തുടർന്ന്‌, വെഞ്ഞാറമൂട്‌, വെമ്പായം, പഴകുറ്റി, നെടുമങ്ങാട്‌, വെള്ളനാട്‌, ആര്യനാട്‌, കുറ്റിച്ചൽ, കാട്ടാക്കട എന്നിവിടങ്ങളിലെ പ്രകടനങ്ങൾക്കുശേഷം മലയിൻകീഴിൽ സമാപിച്ചു. ഇന്ന് രാവിലെ ഏഴു മുതൽ 12 വരെ ചിറയിൻകീഴ്‌ മണ്ഡലത്തിലും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ രാത്രി എട്ടുവരെ വാമനപുരം മണ്ഡലത്തിലുമാണ്‌ പര്യടനം.

You may also like this video

Exit mobile version