സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി വി സിന്ധു പുറത്ത്. പ്രീ ക്വാർട്ടറില്‍ സ്പെയിൻകാരി കരോലിന മരിനാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21–11, 11–21, 20–22.
ആദ്യ സെറ്റ് 21–11ന് പിടിച്ച സിന്ധുവിനെതിരെ രണ്ടാം സെറ്റില്‍ കരോലിന അതേ സ്കോറില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ 15–10നും പിന്നീട് 18–15നും സിന്ധു മുന്നിലെത്തിയെങ്കിലും അവസാനം കരോലിന 22–20ന് ജയിച്ചുകയറുകയായിരുന്നു.
ഇരുവരും പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ സിന്ധുവിന്റെ 12-ാമത്തെയും തുടർച്ചയായ ആറാമത്തെയും തോല്‍വിയാണിത്. സിംഗപ്പൂർ ഓപ്പണിനെത്തും മുമ്പ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലും ഇന്തോനേഷ്യ മാസ്റ്റേഴ്സിലും മലേഷ്യൻ ഓപ്പണിലും ഡെന്മാർക്ക് ഓപ്പണിലുമെല്ലാം സിന്ധു കരോലിന മരിനോട് പരാജയപ്പെടുകയായിരുന്നു.
2022ലെ സിംഗപ്പൂർ ഓപ്പണിലാണ് സിന്ധുവിന് അവസാനമായി കിരീടം ലഭിച്ചത്. പരിക്കിനെ തുടർന്ന് ആറ് മാസത്തോളം കളത്തില്‍നിന്ന് വിട്ടുനിന്ന താരം ദിവസങ്ങള്‍ക്ക് മുമ്പ് മലേഷ്യൻ മാസ്റ്റേഴ്സിന്റെ ഫൈനലിലേക്ക് മുന്നേറിയെങ്കിലും അന്തിമ പോരാട്ടത്തില്‍ ചൈനയുടെ വാങ് ഷിയോട് 21–16, 5–21, 16–21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു.
പുരുഷവിഭാഗത്തില്‍ എച്ച് എസ് പ്രണോയിയും പുറത്തായി. ജപ്പാന്റെ 11-ാം നമ്പര്‍ താരം കെന്റോ നിഷിമോട്ടോയോടാണ് തോല്‍വി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അതേസമയം വനിതാ ഡബിൾസില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ലോക രണ്ടാം നമ്പർ ജോഡികളായ ബെയ്ക് ഹാ ന‑ലീ സോ ഹീ എന്നിവർക്കെതിരെ അട്ടിമറി വിജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു.
English Summary:Singapore Open; Sindhu and Prano are out
You may also like this video