എസ്ഐആര്‍ ഭീതിയില്‍ ബംഗാളില്‍ വീണ്ടും ആത്മഹത്യ. 60കാരനായ സുശാന്ത ബിശ്വാസ് എന്ന വൃദ്ധനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. നാദിയ ജില്ലയിലെ റാണാഘട്ടിലുള്ള മതികുമ്ര മധ്യപാറയിലാണ് സുശാന്ത് ബിശ്വാസ് താമസിച്ചിരുന്നത്. ല്‍ക്കത്തയിലായിരുന്നു ജോലി ചെയ്തത്. സംസ്ഥാനത്ത് എസ്ഐആര്‍ പ്രക്രിയ ആരംഭിച്ചത് മുതല്‍ ഇയാള്‍ ഭയത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 2002ലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ ബിശ്വാസ് ആശങ്കാകുലനായിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യുമെന്നും വീട് വിട്ട് മറ്റെവിടേക്കെങ്കിലും ഓടിപ്പോകേണ്ടി വരുമെന്നും ബിശ്വാസ് ഭയപ്പെട്ടിരുന്നു.
ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഭയവും ഇയാളുടെ മാനസികനില തകര്‍ത്തിരുന്നു. കുറച്ച് ദിവസങ്ങളായി പുറത്തേക്ക് പോലും പോയിരുന്നില്ലെന്നും വിഷാദത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതേ സമയം എസ്ഐആറിന്റെ എണ്ണല്‍ ഫോമും അദ്ദേഹം പൂരിപ്പിച്ചിട്ടുണ്ട്. എസ്ഐആര്‍ ഭയത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ജില്ലയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.

