വ്യാജ വോട്ടർമാരെ തിരുകി കയറ്റിയും അർഹരായ വോട്ടർമാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ചീഫ് ഇലക്ഷൻ ഓഫിസിലേക്കും ജില്ലകളിലെ ഇലക്ഷൻ ഓഫിസിലേക്കും എൽഡിഎഫിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. എസ്ഐആർ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ തയ്യാറാക്കാനുള്ള ഗൂഢ പദ്ധതിയാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നുവന്നതാണ്. അത് ശരിവയ്ക്കും വിധത്തിലാണ് കേരളത്തിലെ എസ്ഐആർ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. 24 ലക്ഷം വോട്ടർമാരുടെ പേരുകൾ നിലവിലുള്ള പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. 19.32 ലക്ഷം വോട്ടർമാർ പൗരത്വം പരിശോധിക്കണമെന്ന കാഴ്ചപ്പാടോടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയുണ്ടായി.
വോട്ടർ പട്ടിക പരിഷ്ക്കരണം സുതാര്യമായി നടത്തേണ്ട ഒന്നാണ്. സ്വകാര്യമായോ രഹസ്യമായോ തയ്യാറാക്കേണ്ട ഒന്നല്ല. ഇപ്പോൾ അപാകതകൾ നിറഞ്ഞ പട്ടികയാണ് പ്രസിദ്ധീകരിക്കാൻ പോകുന്നത്. അത് പരിഹരിച്ചേ പറ്റു. വോട്ടർ പട്ടിക കുറ്റമറ്റതാകാതെ തെരഞ്ഞെടുപ്പ് നടന്നാൽ നീതിപൂർവമാകില്ല. ഫെബ്രുവരി 21ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാൽ പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ സമയം അനുവദിക്കുകയും ആ പരാതി പരിശോധിക്കുകയും ചെയ്തശേഷം മാത്രമെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. എൽഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിൽ എല്ലാ വിഭാഗത്തിൽപെട്ടവരും പങ്കെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അഭ്യർത്ഥിച്ചു.

