Site iconSite icon Janayugom Online

എസ്ഐആര്‍; മധ്യപ്രദേശില്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി

അതിതീവ്ര പ്രത്യേക വോട്ടര്‍ പരിഷ്കരണം (എസ്ഐആര്‍) നടപടിയുടെ ഭാഗമായി, മധ്യപ്രദേശിലെ രേവ ജില്ലയില്‍ നിന്ന് മുസ്ലിങ്ങളെ കൂട്ടത്തോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നടപടിക്രമം പാലിക്കാതെ ന്യൂനപക്ഷ സമുദായാംഗങ്ങളെ ഒഴിവാക്കിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്.
വര്‍ഷങ്ങളായി സ്ഥിരതാമസക്കാരായ കുടുംബങ്ങളെയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. നീക്കം ചെയ്യാനുള്ള ഫോം എഴ് തങ്ങളുടെ അറിവോ സമ്മതോ ഇല്ലാതെ പൂരിപ്പിച്ച് നല്‍കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിരവധി ഗ്രാമങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മുസ്ലിങ്ങളെയാണ് പട്ടികയില്‍ നിന്ന് അകാരണമായി ഒഴിവാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തി ഫോം ഏഴ് നല്‍കുകയോ, പൂരിപ്പിച്ച് തിരികെ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അടക്കം വോട്ട് രേഖപ്പെടുത്തിയവരുടെ പേരുകള്‍ നീക്കം ചെയ്തിരിക്കുകയാണ്.
ഗുഡ് പഞ്ചായത്തിൽ നിന്ന് 446 പേരുകളും, ബർഹാദിയിൽ 373, റായ്പൂർ കർചുലിയയിൽ 125, രാംനയിൽ 562, ജുഗ്നിഹായിൽ 433 പേരുകളും നീക്കം ചെയ്തു. കാരണങ്ങൾ ഒന്നും അറിയിച്ചിട്ടില്ലെന്നും ബൂത്ത് ലെവൽ ഓഫിസർമാർ പിന്നീട് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഇത് ക്ലറിക്കല്‍ പിഴവല്ലെന്നും ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും ഗുഡ് സ്വദേശിയായ മൊഹ്സിന്‍ അലി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ ജില്ലാ കളക്ടറേറ്റില്‍ ആയിരക്കണക്കിന് പരാതികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫോം ആറ്, ഏഴ്, എട്ട് എന്നിവയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് രേവ ജില്ലാ കളക്ടർ പ്രതിഭ പാൽ സ്ഥിരീകരിച്ചു. എസ്‌ഐആർ പ്രക്രിയയ്ക്ക് കീഴിലുള്ള ഒന്നാം ഘട്ട മാപ്പിങ് പൂർത്തിയായതായും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം എതിർപ്പുകൾ പരിഗണിക്കുമെന്നും അവര്‍ അറിയിച്ചു. ഒരേ പേരിൽ ഒന്നിലധികം ഫോമുകൾ സമർപ്പിച്ചതായി തോന്നുന്ന കേസുകൾ അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Exit mobile version