Site iconSite icon Janayugom Online

എസ്ഐആര്‍ പൂര്‍ത്തിയാക്കിയില്ല; 60 ബിഎല്‍ഒമാര്‍ക്കെതിരെ ക്രിമിനല്‍ കേസ്

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ കര്‍ശന നടപടി. നോയിഡയിലെ ഗൗതം ബുദ്ധ നഗറില്‍ 60 ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കെതിരെയും (ബിഎല്‍ഒ) ഏഴ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 181 ബിഎല്‍ഒമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചു. 

ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റ് (കളക്ടര്‍) ഡോ. മനീഷ് കുമാര്‍ വര്‍മ്മയുടെ ഉത്തരവിന്‍ പ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമം 1950, സെക്ഷന്‍ 32 (ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്ഐആര്‍ നടപടികള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തീകരിച്ചവര്‍ക്കെതിരെയാണ് കേസ്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്ത ബിഎല്‍ഒമാരുടെ ദിവസ വേതനം റദ്ദാക്കാനും തീരുമാനിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ സജീവമാണോ എന്നറിയാന്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും മിന്നല്‍ പരിശോധന നടത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ നടപടി രാജ്യവ്യാപകമായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. കേരളം, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ അമിതമായ ജോലിഭാരം കാരണം ബിഎല്‍ഒമാര്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ കണ്ണൂര്‍ പയ്യന്നൂരിലെ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ ദാരുണാന്ത്യം വലിയ ചര്‍ച്ചയായിരുന്നു.

Exit mobile version