Site iconSite icon Janayugom Online

എസ്ഐആര്‍: സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ് ‍ഡെസ്കുകള്‍ ആരംഭിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെടുകയും 19,32,000 പേർ വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ടിയും വരുന്ന സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ വിലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വില്ലേജ് ഓഫിസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫിസുകളിൽ സൗകര്യമൊരുക്കും. ഹെൽപ്പ് ഡെസ്കുകളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായ നിർദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താല്ക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതികൾ, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തി അർഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകും. ഇതിന് വില്ലേജ് ഓഫിസർമാരുടെ ആവശ്യപ്രകാരം അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 18 വയസ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളിൽ കാമ്പയിൻ പരിപാടികൾ സംഘടിപ്പിച്ച് ആവശ്യമായ ബോധവൽക്കരണവും നടത്തും.
തെരഞ്ഞെടുപ്പ് പടിവാതുക്കൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ അനാവശ്യ ധൃതിയിൽ നടത്തുന്നത് ആശാസ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഒന്നിലധികം തവണ അഭ്യർത്ഥന നടത്തിയിട്ടും ധൃതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിതീവ്ര പരിശോധനയുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യത്തിന്റെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കാൻ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version