വോട്ടർ പട്ടിക പുതുക്കൽ ജോലിക്കിടെ പശ്ചിമ ബംഗാളിലും ഗുജറാത്തിലുമായി രണ്ട് ബൂത്ത് ലെവൽ ഓഫിസര്‍മാർ (ബിഎല്‍ഒ) കൂടി മരിച്ചു. മരിച്ച രണ്ടുപേരും പ്രൈമറി സ്കൂൾ അധ്യാപകരായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഗുജറാത്തിലെ മെഹ്‌സാന സുദസന ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ ദിനേഷ് റാവൽ ആണ് മരിച്ചത്. വീട്ടിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അതിയായ ജോലി സമ്മര്‍ദം നേരിടുന്നതായി ദിനേഷ് റാവല്‍ പറഞ്ഞിരുന്നതായി കുടുംബം വെളിപ്പെടുത്തി.
ഈ മാസം നാലിന് എസ്ഐആര്‍ ആരംഭിച്ചശേഷം നാലാമത്തെ ബിഎല്‍ഒ മരണമാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രൈമറി സ്കൂളിലെ അധ്യാപകന്‍ സാക്കിർ ഹൊസൈനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി മരിച്ചു.
അതേസമയം വോട്ടര്‍ പട്ടിക പരിഷ്കരണ ജോലിയില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 21 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്തു. ഔദ്യോഗിക നിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഡിജിറ്റൈസേഷനുകളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും പറഞ്ഞാണ് ബിഎല്‍ഒമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ നോയിഡയില്‍ 60ലധികം ബിഎല്‍ഒമാര്‍ക്കെതിരെയും ഏഴ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

